കൊച്ചി: താരപകിട്ടോടെ ആയിരുന്നു എറണാകുളത്തെ പോളിങ് ബൂത്തുകള്‍. മമ്മൂട്ടി അടക്കം കൊച്ചിയില്‍ വോട്ടുള്ള ഒട്ടുമിക്ക സിനിമാക്കാരും തങ്ങളുടെ സമ്മദിദാനങ്ങള് വിനിയോഗിച്ചു. എറണാകുളം ക്രൈസ് ദി കിംഗ് കോണ്‍വന്റ് സ്കൂളില്‍ ഭാര്യ സുല്‍ഫത്തിനൊപ്പം എത്തിയാണ് മമ്മൂട്ടി വോട്ടു ചെയ്തത്. സംവിധായകന് ആഷിഖ് അബുവും നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കലും തൃക്കാക്കര കൊച്ചിന് പബ്ലിക് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. ഇരുവരും ഒരുമിച്ചെത്തിയാണ് വോട്ട് ചെയ്തത്. ചെറുത്തുനില്‍പ്പിന്റെ തിരഞ്ഞെടുപ്പാണിതെന്ന് ആഷിഖ് അബു പ്രതികരിച്ചു.
അതേസമയം സമ്മതിദാനവകാശം നിര്‍വഹിക്കുക എന്നത് ഓരോ പൗരന്റേയും അവകാശമാണെന്നും എല്ലാവരും വോട്ട് ചെയ്യേണ്ടതുണ്ടെന്നും നടന് ആസിഫ് അലി പ്രതികരിച്ചു. വോട്ട് ചെയ്യുന്ന പൗരന് മാത്രമേ അതൃപ്തിയും രേഖപ്പെടുത്താന്‍ കഴിയൂ. നമ്മുടെ ഭാഗം നമ്മള് കൃത്യമായി നിര്‍വഹിക്കണം. എല്ലാവരും വോട്ടു ചെയ്യാന്‍ വരണം. വീട്ടില്‍ മടി പിടിച്ചിരിക്കുന്നവരും ചൂട് കാരണം പുറത്തിറങ്ങാത്തവരും വന്നു വോട്ട് ചെയ്യണം. മികച്ച രാഷ്ട്രീയ അവസ്ഥ രാജ്യത്തുണ്ടാകണം എന്നാണ് പ്രതീക്ഷിക്കുന്നത്. ജനത്തിന് നല്ലതു വരുന്ന രീതിയിലുള്ള ഒരു വിജയമാണ് ആഗ്രഹിക്കുന്നത് എന്നും ആസിഫ് അലി പറഞ്ഞു. വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടന്.
ജനാധിപത്യത്തില്‍ എല്ലാ കള്ളന്മാര്ക്കും രക്ഷപ്പെടാന്‍ ഇഷ്ടംപോലെ പഴുതുണ്ടെന്നും ആരു ജയിച്ചാലും അവര്‍ നമുക്ക് എതിരല്ലേയെന്നുമാണ് നടന് ശ്രീനിവാസന് പറഞ്ഞത്. ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കില്‍ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട് വിലകുറഞ്ഞ വിഷം കഴിച്ച് മരിച്ചേനെയെന്നും ശ്രീനിവാസന് പറഞ്ഞു. തൃപ്പൂണിത്തുറയില്‍ വോട്ടു രേഖപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കെയായിരുന്നു പ്രതികരണം.
നേരത്തെ ടോവിനോ തോമസ് ഇരിഞ്ഞാലക്കുടയില്‍ വോട്ടു രേഖപ്പെടുത്തിയിരുന്നു. സംവിധായകന് ലാല്‍ ജോസ് , ടിനി ടോം, മേനക, ഷാജി കൈലാസ് തുടങ്ങിയവരെല്ലാം വോട്ട് ചെയ്യാന്‍ എത്തി.