തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ക്യാമറയുമായി ബന്ധപ്പെട്ട് കെല്‍ട്രോണിന് എതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് കെല്‍ട്രോണില്‍ നിന്ന് പ്രാഥമിക റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിക്കാന്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിയോഗിച്ചതായും മന്ത്രി പി രാജീവ് അറിയിച്ചു.
മന്ത്രി പി രാജീവ് പറഞ്ഞതിങ്ങനെ
എഐ പദ്ധതിയിലെ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷിക്കട്ടെ എന്ന് മാര്‍ച്ചില്‍ തന്നെ തീരുമാനിച്ചതാണെന്നും മന്ത്രി പറഞ്ഞു. ‘വിജിലന്സുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കെല്‍ട്രോണ്‍ വിവരങ്ങള്‍ കൈമാറും. ടെണ്ടര്‍ ഡോക്യുമെന്റ് അടക്കം എല്ലാ രേഖകളും കെല്‍ട്രോണ്‍ പ്രസിദ്ധീകരിക്കും. ഇതില്‍ സര്‍ക്കാരിന് മറച്ചുവെക്കാന്‍ ഒന്നും ഇല്ല. ഉപകരാര്‍ കൊടുത്ത വിവരം കെല്‍ട്രോണ്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ടെണ്ടറുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിയമപരമായാണ് സര്‍ക്കാര്‍ ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു.
കെല്‍ട്രോണ്‍ കേരളത്തിലെ മികച്ച പൊതു മേഖല സ്ഥാപനമാണ്. കെല്‍ട്രോണിന് എതിരേ വരുന്ന ആരോപണങ്ങള്‍ കെല്‍ട്രോണിനെ ദുര്‍ബലപ്പെടുത്തും. ഉത്പാദന മേഖലയില്‍ കെല്‍ട്രോണ്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വീണ്ടെടുപ്പിന്റെ പാതയിലാണ് കെല്‍ട്രോണ്‍. ‘സേഫ് കേരള പദ്ധതി കഴിഞ്ഞ സര്‍ക്കാര്‍ മുന്നോട്ട് കൊണ്ട് വന്നതാണ്. സെയ്ഫ് കേരള അടക്കം മോട്ടോര്‍ വാഹന വകുപ്പിനെതിരെ ഉയര്‍ന്ന പരാതി വിജിലന്‍സ് അന്വേഷിക്കുന്നു. ഇപ്പോള്‍ ആരോപണം വല്ലാത്തൊരു അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. പെട്ടന്ന് വന്നു പുകമറ സൃഷ്ടിക്കുന്നു.’ 2013 ല്‍ ഉമ്മന്‍ചാണ്ടി 40 കോടി രൂപയ്ക്ക് 100 ക്യാമറകള്‍ സ്ഥാപിച്ചിരുന്നുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി രാജീവ് ആരോപിച്ചു.