ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് ത്രീ (എല്‍വിഎം 3)യുടെ വിക്ഷേപണം വിജയകരം. ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ ‘വണ്‍ വെബി’ന്റെ 36 ഉപഗ്രഹങ്ങളുമായാണ് എല്‍വിഎം-3 ബഹിരാകാശത്തേക്ക് കുതിച്ചത്. രാവിലെ ഒമ്പത് മണിയോടെ ശ്രീഹരിക്കോട്ടയില്‍ നടന്ന വിക്ഷേപണം വിജയകരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണവാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റിന്റെ പരിഷ്കൃതരൂപമായ എല്‍വിഎം-3 വണ്‍വെബിന് വേണ്ടി വാണിജ്യാടിസ്ഥാനത്തില്‍ നടത്തുന്ന രണ്ടാമത്തെ വിക്ഷേപണമാണിത്. ഉപഗ്രഹങ്ങളുടെ ആകെ ഭാരം 5805 കിലോഗ്രാം ആണ്. ഭൂമിയില്‍നിന്ന് 450 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെ എത്തിക്കുക.
വിക്ഷേപണം കഴിഞ്ഞ് 19-ാം മിനുട്ടില്‍ ആദ്യ ഉപഗ്രഹം വേര്‍പ്പെട്ടു. ക്രയോജനിക് ഘട്ടത്തിലെ ഇന്ധനം പുറത്തേക്കൊഴുക്കി ദിശാമാറ്റം നടത്തിയാണ് മറ്റ് ഉപഗ്രഹങ്ങളെ നിശ്ചിത സ്ഥാനത്ത് എത്തിക്കുക. ദൗത്യത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചവരെ ഐഎസ്ആര്‍ഒ ചെയര്മാന് എസ് സോമനാഥ് അനുമോദിച്ചു. ഭാരമുള്ള പേലോഡുകളെ ഭ്രമണപഥത്തില്‍ എത്തിക്കാമെന്ന് വീണ്ടും ഐഎസ്ആര്‍ഒ തെളിയിച്ചെന്നും കൂടുതല്‍ ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്ക് ഐഎസ്ആര്‍ഒ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.