വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും തിരിച്ചെത്തും. രണ്ട് വര്‍ഷം മുന്‍പ് ട്രംപിന് ഏര്‍പ്പെടുത്തിയ വിലക്ക് മെറ്റ നീക്കി. വിലക്ക് നീക്കിയ കാര്യം മെറ്റ തന്നെയാണ് പുറത്തുവിട്ടത്. യു.എസ് കാപിറ്റോള്‍ കലാപത്തിനു പിന്നാലെ അക്രമത്തിന് ആഹ്വാനം ചെയ്തുവെന്ന കുറ്റത്തിന് രണ്ടുവര്‍ഷം മുമ്പാണ് ട്രംപിന് ഫേസ്ബുക്കില്‍ നിന്നും ഇന്‍സ്റ്റഗ്രാമില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയത്.
വരും ആഴ്ചകളില്‍ ട്രംപിന്റെ ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാകും. എന്നാല്‍ കടുത്ത നിയന്ത്രണങ്ങളോടെയാകും ട്രംപിനെ തിരിച്ചുകൊണ്ടു വരുന്നത് എന്നാണ് മെറ്റയുടെ ഗ്ലോബല്‍ അഫയേഴ്സിന്റെ പ്രസിഡന്റ് നിക്ക് ക്ലെഗ് പറയുന്നത്. മെറ്റയുടെ നയങ്ങള്‍ ലംഘിച്ചാല്‍ ഒരു മാസം മുതല്‍ രണ്ടു വര്‍ഷം വരെ വിലക്ക് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ തന്റെ ഫേസ്ബുക്കിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ട്രംപ് പ്രതികരിച്ചിരുന്നു. താന്‍ പോയതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടം മെറ്റയ്ക്കുണ്ടായി എന്നാണ് ട്രംപ് പറഞ്ഞത്.