ചെങ്കോട്ടയില്‍ ഇരച്ചുകയറി കര്‍ഷകര്‍ പതാക ഉയര്‍ത്തിയ സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അക്രമത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ല എന്നും ചെങ്കോട്ടയില്‍ പറക്കേണ്ടത് ത്രിവര്‍ണ പതാകയാണ് എന്നും തരൂര്‍ വ്യക്തമാക്കി. ട്വിറ്ററിലാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.
‘അങ്ങേയറ്റം ദൗര്‍ഭാഗ്യകരം. തുടക്കം മുതലേ ഞാന്‍ കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ നിയമരാഹിത്യത്തിന് മാപ്പുകൊടുക്കാനില്ല. റിപ്പബ്ലിക് ദിനത്തില്‍ വിശുദ്ധ ത്രിവര്‍ണ പതാകയാണ് ചെങ്കോട്ടയില്‍ പറക്കേണ്ടത്’ – തരൂര്‍ കുറിച്ചു.
പൊലീസ് വെടിവയ്പ്പില്‍ ഒരു കര്ഷകന് മരിച്ചത് ദുഃഖകരമാണ്. പൊലീസ് സംയമനം പാലിക്കേണ്ടിയിരുന്നു. ജനാധിപത്യ മാര്‍ഗത്തിലൂടെയാണ് പ്രശ്നത്തിന് പരിഹാരം കാണേണ്ടത്. ശക്തിയിലൂടെയല്ല- തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് ഉച്ചയോടെയാണ് പ്രതിഷേധക്കാര്‍ ചെങ്കോട്ടയിലേക്ക് ഇരച്ചു കയറി കൈയിലുണ്ടായിരുന്ന പതാക മിനാരത്തിന് മുകളില്‍ നാട്ടിയത്.
അതിനിടെ, പ്രതിഷേധങ്ങള്‍ക്കിടെ ഡല്‍ഹി എന്‍സിആര്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. സിങ്കു, ഗാസിപൂര്‍, തിക്രി, മുകര്‍ബ ചൌക് തുടങ്ങിയ സ്ഥലങ്ങളിലും ഇന്റര്‍നെറ്റ് വിച്ഛേദിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡല്‍ഹിയില്‍ പലയിടങ്ങളിലും ഗതാഗതം നിരോധിച്ചിട്ടുണ്ട്. ദേശീയപാത 44, 24, ജിടികെ റോഡ്, ഔട്ടര്‍ റിങ് റോഡ്, ജി ടി റോഡ് അടക്കമുള്ള റോഡുകള്‍ അടച്ചു. മെട്രോയുടെ പല സ്റ്റേഷനുകളും അടച്ചു. സെന്‍ട്രല്‍, വടക്കന്‍ ഡല്‍ഹിയിലെ പത്തോളം സ്റ്റേഷനുകളാണ് അടച്ചത്.