മന്ത്രി ലക്ഷ്മണ രേഖ ലംഘിച്ചെന്ന ഗവര്‍ണറുടെ വിമര്‍ശനത്തിന് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. ലക്ഷ്മണ രേഖകള്‍ ഒരുപാട് ലംഘിച്ചു തന്നെയാണ് ഇവിടെയിരിക്കുന്നത്. അല്ലെങ്കില്‍ വീടിന്റെ പരിമിത വൃത്തത്തില്‍ ഇരിക്കുമായിരുന്നല്ലോയെന്ന് ആര് ബിന്ദു പ്രതികരിച്ചു. വിവാദങ്ങളിലേക്ക് കടക്കാനില്ല. ഉന്നത വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
ചാന്‍സലര്‍ കോടതിയില്‍ മുന്‍ നിലപാടില്‍ അയവുവരുത്തിയെന്നാണ് താന്‍ മനസിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ വിവാദങ്ങളിലേക്ക് കടക്കാനില്ല. വിവാദങ്ങളുണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു. ഗവര്‍ണറുടെ വിമര്‍ശനങ്ങള്‍ കാര്യമായെടുക്കുന്നില്ല. നിയമോപദേശം തേടിവരികയാണെന്നും മന്ത്രി ആര് ബിന്ദു കൂട്ടിച്ചേര്‍ത്തു.
‘ഉന്നത വിദ്യാഭ്യാസ മേഖലയെ കാലാനുസൃതമായി പരിഷ്കരിക്കാനും ഏറ്റവും മികവുറ്റതാക്കാനുമുള്ള സന്ദര്‍ഭമാണിത്. വിവാദ കലുഷിതമായി അവതരിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയാണ് മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് വെക്കുന്നത്. പേരെടുത്തുള്ള വിമര്‍ശനം പ്രശ്നമല്ല. പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരുപാട് ആക്ഷേപങ്ങള്‍ കേള്‍ക്കുന്നതാണ്. കര്‍മ്മം ചെയ്യുകയെന്നതാണ് പ്രധാനം. ലക്ഷ്മണ രേഖകള്‍ ഒരുപാട് ലംഘിച്ചു തന്നെയാണ് ഇവിടെയിരിക്കുന്നത്. അല്ലെങ്കില്‍ വീടിന്റെ പരിമിത വൃത്തത്തില്‍ ഇരിക്കുമായിരുന്നല്ലോ. ഉന്നത വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുകമാത്രമാണ് ലക്ഷ്യം. തര്‍ക്കങ്ങളില്‍ അഭിരമിക്കാന്‍ തയ്യാറല്ല. വിവാദങ്ങളിലേക്ക് കടക്കാനില്ല.’ മന്ത്രി വീശദീകരിച്ചു.
മന്ത്രിമാരില്‍ പലരും ലക്ഷ്മണ രേഖ കടന്നെന്നും രാഷ്ട്രീയ മര്യാദ വിട്ടുള്ള പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നുമാണ് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടത്. കൂടാതെ മന്ത്രി ആര് ബിന്ദുവിനെ പേരെടുത്ത് വിമര്‍ശിച്ചിരുന്നു. ആരാണ് അവര്‍?. താന്‍ മറുപടി പറയാന്‍ യോഗ്യതയുള്ള ആളാണോ അവര്‍?. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ താന്‍ നിയമിച്ചതല്ലല്ലോയെന്നും ചോദിച്ചിരുന്നു. വൈസ് ചാന്‍സലര്‍ക്കെതിരായ നടപടിയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പ്രശ്നമുണ്ടെങ്കില്‍ അവര്‍ സുപ്രീംകോടതിയില്‍ പോകട്ടെയെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞിരുന്നു.