അനില്‍ പനച്ചൂരാന് എന്ന കവിയെ നമ്മള് മലയാളികള്‍ ഒരിക്കലൂം മിറക്കില്ല. അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഇന്നും ശ്കതമായ കവിതകള്‍ പോലെ മുഴങ്ങി കേള്‍ക്കുന്നു. കലാകാരന്മാരുടെ കുടുംബം അവരുടെ അസാന്നിധ്യത്തില്‍ മിക്കവരും ദുരിതം അനുഭവിക്കുന്നവരാണ്, അതെ അവസ്ഥ തന്നെയാണ് ഇപ്പോള്‍ അനിലിന്റെ കുടുംബത്തിനും എന്ന് അറിയുന്നതില്‍ ഏറെ സങ്കടം ഉണ്ടാകുന്ന കാര്യമാണ്.
അദ്ദേഹത്തിലിന്റെ ഭാര്യ മായ പനച്ചൂരാന് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തിന് പിന്നാലെ കുടുംബത്തിന് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് ഭാര്യ മായ പനച്ചൂരാന് കുറിച്ചു. അനില്‍ പനച്ചൂരാന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് മായ ഇക്കാര്യം വ്യക്തമാക്കിയത്.
2021 ജനുവരി 3ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അനിലിന്റെ മരണം. മകള്‍ക്ക് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അനില്‍ നിരവധി സിനിമാ ഗാനങ്ങള്‍ക്ക് തൂലിക ചലിപ്പിച്ചിട്ടുണ്ട്. 2007ല്‍ പുറത്തിറങ്ങിയ അറബിക്കഥ എന്ന ചിത്രത്തില്‍ അനില്‍ തന്നെ എഴുതി ആലപിച്ച ചോര വീണ മണ്ണില്‍ എന്ന ഗാനം അദ്ദേഹത്തിന്റെ ആലാപന ശൈലി കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.
മായയുടെ കുറിപ്പ് വായിക്കാം:
നമസ്തേ
അനിചേട്ടനെയും എന്നേയും സ്നേഹിക്കുന്ന, ഇപ്പോഴും അനില്‍ പനച്ചൂരാനെ ഓര്‍മിക്കുന്ന ധാരാളം പേര് പലപ്പോഴും വിളിച്ചു തിരക്കാറുണ്ട്, ‘ജോലി വലതുമായോ’ എന്ന്.അത്തരം കോളുകള്‍ ഒന്നും തന്നെ ഞാന്‍ ഇപ്പോള്‍ അറ്റന്‍ഡ് ചെയ്യാറില്ല. കാരണം നല്ല വാര്‍ത്തകള്‍ ഒന്നും തന്നെ എനിക്കവരോടു പറയാനില്ല!
ആ ഒരു സമയത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കന്മാര് ഈ വീട്ടില്‍ കയറിയിറങ്ങിയതും പല തരത്തിലുള്ള വാഗ്ദാനങ്ങള്‍ നല്കിയതും പല മാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞതാണ്. അത്തരം വാര്‍ത്തകള്‍ ഒന്നും തന്നെ ഞാനായിട്ട് പൊതുവേദികളില്‍ പരസ്യപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും കായംകുളം എം.എല്‍.എ ശ്രീമതി. പ്രതിഭ ഉള്‍പ്പടെയുള്ള പ്രമുഖര്‍ കവിയുടെ കുടുംബത്തിന് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്ന് പല വേദികളിലും പ്രസംഗിച്ചത് എന്റെ ശ്രദ്ധയിലും പെട്ടിരുന്നു.
അനില്‍ പനച്ചൂരാനെ സ്നേഹിക്കുന്ന, ഞങ്ങളുടെ ദൗര്ഭാഗ്യങ്ങളില് വേദനിക്കുന്ന ആയിരക്കണക്കിനാളുകള്‍ ഉണ്ടെന്നറിയാം. അവരോട് എന്തു പറയണം എന്നറിയില്ലായിരുന്നു…(എന്റെ ജോലിയുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ സത്യാവസ്ഥ പറഞ്ഞു പറഞ്ഞു ഞാന്‍ തന്നെ മടുത്തിരുന്നു ) ഇപ്പോള്‍ ഒരു മറുപടിയായി. അത് ഇവിടെ സമര്‍പ്പിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയില്‍ ഞങ്ങളെ ഓര്‍ക്കണമെന്ന് അപേക്ഷിക്കുന്നു. ഒപ്പം ഒരു വാക്ക് കൂടി… ദുരന്തമുഖങ്ങളില്‍ തല കാണിക്കാന്‍ രാഷ്ട്രീയക്കാര്‍ എത്തുന്ന വാര്‍ത്തകള്‍ നമ്മള് നിരന്തരം കാണാറുണ്ട്. വാഗ്ദാനങ്ങള്‍ നല്‍കുന്നത് പത്രമാധ്യമങ്ങളില്‍ കൂടി അറിയാറുണ്ട്. ഇതെല്ലാം വെറും വാഗ്ദാനങ്ങളായി ഒടുങ്ങുകയേ ഉള്ളു. അതുകൊണ്ട് ദയവു ചെയ്ത് ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുത്.. മായ പനച്ചൂരാന്.