മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇപ്പോഴുള്ളത് ചില ആളുകള്‍ ഉണ്ടാക്കിയ പ്രശ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ തെറ്റായ പ്രചരണം നടത്തുകയാണ്. ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പ്രചരണങ്ങള്‍ ആളുകളില്‍ ഭീതി പരത്തുന്നുവെന്നും വസ്തുതകളുടെ അടിസ്ഥാനത്തിലല്ല പ്രചരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാറില്‍ അപകടം വരാന്‍ പോകുന്നുവെന്ന പ്രതീതി ഉണ്ടാക്കുകയാണ്. ചില ആളുകള്‍ കൂടി ഉണ്ടാക്കിയ പ്രശ്നമാണിത്. മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ സുസ്ഥിര നിര്‍മ്മാണമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തമിഴ്നാട് നല്ല രീതിയില്‍ സഹകരിക്കുന്ന സംസ്ഥാനമാണ്. പ്രശ്നങ്ങളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് നിലപാടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപക ഭീതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. ഡാമിന്റെ കാര്യത്തില്‍ ഹ്രസ്വ- ദീര്‍ഘകാല പദ്ധതികള്‍ എന്തെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. ലൈസന്‍സുള്ളതിന്റെ പത്തിരട്ടി ക്വാറികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. പ്രകൃതി ചൂഷണം നിയന്ത്രിക്കാന്‍ ശക്തമായ നടപടി വേണമെന്നും സതീശന് ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ ഡീകമ്മിഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പൃഥ്വിരാജ് ഉള്‍പ്പെടെ നിരവധി പേര് രംഗത്തെത്തിയിരുന്നു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതിനിടെ അടിയന്തര നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ മലയാളികള്‍ തമിഴ്നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കമന്റുമായി രംഗത്തെത്തിയിരുന്നു. ഒറ്റ ദിവസം കൊണ്ട് മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് അയ്യായിരത്തോളം കമന്റുകളാണ് നിറഞ്ഞത്. ‘സേവ് കേരള’യാണ് മിക്കവരും ഉയര്‍ത്തിയിരിക്കുന്നത്. വെള്ളം എടുത്തോളൂ എന്നും ജീവന് എടുക്കരുതെന്നും പറഞ്ഞവരുണ്ട്. മുല്ലപ്പെരിയാര്‍ ഡീകമ്മിഷന്‍ ചെയ്യണമെന്ന ആവശ്യവും വ്യാപകമായി ഉയര്‍ന്നു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വ്യാപക ക്യാമ്പെയ്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്. ഒരു ഡാമിന്റെ സ്വാഭാവിക കാലാവധി 50 വര്‍ഷമാണെന്നിരിക്കെ മുല്ലപ്പെരിയാര്‍ ഡാം നിര്‍മിച്ചിട്ട് 126 വര്‍ഷമായി. അണക്കെട്ടിന്റെ ബലക്ഷയത്തെ തുടര്‍ന്ന് ഡീകമ്മിഷന്‍ നീക്കം നടന്നെങ്കിലും തമിഴ്നാട് അതിനെ എതിര്‍ത്തു. ഇക്കാര്യത്തില്‍ കേരളവും തമിഴ്നാടും തര്‍ക്കം തുടരുകയാണ്.