ഇടതുമുന്നണിയിലെ കക്ഷികളായ എല്‍ജെഡിയും ജെഡിഎസും തമ്മിലുള്ള ലയന ചര്‍ച്ചകള്‍ക്ക് വേഗം കൂടി. ഇരു പാര്‍ട്ടികളും തമ്മിലുള്ള ലയനം എത്രയും വേഗം ഉണ്ടാകുമെന്ന് മാത്യു ടി തോമസ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ നേരത്തെ ധാരണയായതാണ്. ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ കൊച്ചിയില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. മന്ത്രി കെ കൃഷ്ണന്‍കുട്ടി, മുന്‍ മന്ത്രി മാത്യു ടി തോമസ് എന്നിവരും എല്‍ജെഡി നേതാവും രാജ്യസഭാംഗവുമായ എംവി ശ്രേയാംസ്കുമാറും കൊച്ചിയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
ഇനി അവസാനഘട്ട നടപടികള്‍ക്കുള്ള താമസം മാത്രമേയുള്ളൂ. എല്‍ഡിഎഫില്‍ ശക്തമായ ഒരു ജനതാദളാണ് വേണ്ടത്. ലയനം സംബന്ധിച്ചുള്ള ഉപാധികള്‍ ഇന്നത്തെ ജെഡിഎസ് സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നും മാത്യു ടി തോമസ് പ്രതികരിച്ചു.
ഇതിന് മുന്നോടിയായി ജെഡിഎസ്. സംസ്ഥാന നേതൃയോഗം കൊച്ചിയില്‍ തുടങ്ങി. ലയനമാണ് മുഖ്യ ചര്‍ച്ച. മാത്യു ടി തോമസും കെ കൃഷ്ണന്‍കുട്ടിയും ജില്ലാ പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ക്വാറന്റൈനില്‍ ആയതിനാല്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് സികെ നാണു പങ്കെടുക്കുന്നില്ല.