കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് ഇന്ന് ഭാരത് ബന്ദ്. വിവിധ കര്‍ഷക സംഘടനകളാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബില്ലുകള്‍ക്കെതിരെ ഉത്തരേന്ത്യയില്‍ കര്‍ഷക പ്രതിഷേധം ശക്തമാകുകയാണ്. പ്രതിഷേധത്തില്‍ റെയില്‍ റോഡ് ഗതാഗതം സ്തംഭിച്ചു.
രാജ്യത്തുടനീളം കര്‍ഷകര്‍ ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ അയോധ്യ ലക്നൗ ദേശീയ പാതകള്‍ ഉപരോധിച്ചു. റെയില്‍വേ ട്രാക്കുകള്‍ ഉപരോധിച്ചും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷക പ്രതിഷേധം നടക്കുന്നുണ്ട്.
ഭാരതീയ കിസാന്‍ യൂണിയന്, ഓള് ഇന്ത്യ ഫാര്‍മേഴ്സ് യൂണിയന്, ഓള് ഇന്ത്യ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി, ഓള് ഇന്ത്യ കിസാന്‍ മഹാസംഘ് എന്നീ സംഘടനകളുടെ കൂട്ടായ്മയാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചത്. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ കര്‍ഷകരും, വിവിധ ട്രേഡ് യൂണിയനുകളും ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലാണ് കര്‍ഷക പ്രതിഷേധം ശക്തമായിരിക്കുന്നത്. പഞ്ചാബില്‍ ഇന്നലെ മുതല്‍ മൂന്ന് ദിവസത്തെ ട്രെയിന്‍ തടയല്‍ സമരമാണ് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അമൃതസറിലും ഫിറോസ്പുരിലും കര്‍ഷകര്‍ റെയില്‍വേ ലൈനുകളില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. സമരത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 27 വരെ പല ട്രെയിന്‍ സര്‍വീസുകള്‍ പഞ്ചാബില്‍ റദ്ദാക്കി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊഴികെ ബന്ദില്‍ ജനജീവിതം സ്തംഭിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പഞ്ചാബിലും ഹരിയാനയിലും കര്‍ഷക സമരം ശക്തമാണ്. പഞ്ചാബില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ഡിഎ ഘടക കക്ഷിയായ ശിരോമണി അകാലിദളും ബന്ദിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ പ്രധാനപ്പെട്ട പ്രതിപക്ഷ പാര്‍ട്ടിയായ സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ബന്ദ് നടക്കുന്നത്. പ്രധാനപ്പെട്ട കര്‍ഷക പാര്‍ട്ടികളെല്ലാം തന്നെ ഇന്ന് ഡല്‍ഹിയിലെ ജന്ദര്‍മന്ദിറില്‍ ധര്‍ണയ്ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 11.30നാണ് ധര്‍ണ ആരംഭിക്കുക. ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതി അംഗീകാരം നല്‍കരുതെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.