മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാറിനുമെതിര ആഞ്ഞടിച്ച് മാത്യു കുഴല്നാടന് എം.എല്‍.എ. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് പുതുതായി എത്തിയ സൂപ്രണ്ടിനെ സ്ഥലം മാറ്റിയത്. ഇതിന്റെ സാഹചര്യം വ്യക്തമാക്കണമെന്നും എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.
ഡോക്ടര്‍മാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ നേരിട്ട് ചില ഇടപെടലുകള്‍ താന്‍ നടത്തി. ഓരോരുത്തരും ഒരു മാസം പരിശോധിച്ച രോഗികളുടെ കണക്കെടുപ്പ് നടത്തിയപ്പോള്‍ ഞെട്ടിക്കുന്ന വിവരമാണ് ലഭിച്ചത്. സാധാരണ ജനങ്ങള്‍ക്ക് ലഭിക്കേണ്ട സൗകര്യങ്ങള്‍ തടസപ്പെടുന്നത് നോക്കി നില്‍ക്കാനാകില്ലെന്നും എംഎല്‍എ വ്യക്തമാക്കി.
15 ഉം അതിലേറെയും വര്‍ഷം ഒരേ സ്ഥലത്ത് ഇരിക്കുന്ന ഡോക്ടര്‍മാരാണ് ആരോഗ്യ വകുപ്പിലുള്ളത്. ഇവരൊക്കെ സ്വന്തം സാമ്രാജ്യം വിപുലപ്പെടുത്തുകയാണ്. ഇതിനിടയിലാണ് പുതിയൊരു സൂപ്രണ്ട് എത്തിയത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നിരന്തരമായ ഇടപെടലുകള്‍ ഗുണം ചെയ്യുമെന്ന്് പ്രതീക്ഷക്കിടയിലാണ് ഇദ്ദേഹത്തിന് സ്ഥലം മാറ്റ ഉത്തരവ് എത്തുന്നത്. എന്തു മാനദണ്ഡമാണ് സ്ഥലം മാറ്റത്തിന് സ്വീകരിക്കുന്നതെന്നും എം.എല്‍.എ ചോദിച്ചു.
എം.എല്‍.എ ആയതിന് ശേഷം ഡോക്ടര്‍മാരുടെ പ്രവര്‍ത്തനം നിരീക്ഷിച്ചു വരുകയായിരുന്നു. ഒ.പിയില്‍ പലേപ്പാഴും ഡോക്ടറില്ലാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. ദൂരെ ദിക്കുകളില്‍ നിന്നുള്‍പ്പെടെ എത്തുന്ന രോഗികള്‍ നരകിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഈ സാഹചര്യത്തിലാണ് ഡോക്ടര്‍മാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ നേരിട്ട് ചില ഇടപെടലുകള്‍ താന്‍ നടത്തിയത്.
ഓരോരുത്തരും ഒരു മാസം പരിശോധിച്ച രോഗികളുടെ കണക്കെടുപ്പ് നടത്തിയപ്പോള്‍ ഞെട്ടിക്കുന്ന വിവരമാണ് ലഭിച്ചത്. അഞ്ചു ഡോക്ടര്‍മാരുടെ ഒരുമാസത്തെ രേഗികളുടെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ 204, 245, 320, 389 എന്നിങ്ങനെയാണ് ലഭിച്ചത്. അതായത് ദിനംപ്രതി ശരാരി പത്ത് രോഗികളെ പോലും പരിശോധിക്കാത്ത ഡോക്ടര്‍മാരാണ് ആശുപത്രിയിലുള്ളതെന്ന് എംഎല്‍എ പറഞ്ഞു.
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ മറ്റൊരു സൂപ്രണ്ടിന് നിയമനം നല്‍കിയിട്ടുണ്ടെന്നായിരുന്നു സംഭവത്തില്‍ പ്രതികരിച്ച മന്ത്രി വീണ ജോര്‍ജിന്റെ മറുപടി. പൊതുസ്ഥലം മാറ്റ മാനദണ്ഡ പ്രകാരം മൂന്നു വര്‍ഷമാണ് തുടര്‍ച്ചയായി ഒരേ സ്ഥലത്ത് തുടരാന്‍ അര്‍ഹതയുള്ളതെന്നും സോഫ്റ്റ് വെയറിന്റെ കൂടി സഹായത്താല്‍ ഇത് നടപ്പിലാക്കി വരുന്നതായും ഇവര്‍ പ്രതികരിച്ചു.