കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ തൃശൂര്‍ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തല്‍. ഇത്തരം വീഴ്ചകള്‍ ഒഴിവാക്കാന്‍ പാര്‍ട്ടി -സര്‍ക്കാര്‍ തലത്തില്‍ തിരുത്തല്‍ നടപടിയെടുക്കാനും തീരുമാനമായി. സമാനമായ തട്ടിപ്പ് ആവര്‍ത്തിക്കരുതെന്ന് സിപിഎം സഹകരണ വകുപ്പിന് നിര്‍ദേശം നല്കി. ബാങ്ക് തട്ടിപ്പ് സംസ്ഥാന നേതൃത്വം നേരത്തേ അറിഞ്ഞിരുന്നെന്നും ഇതോടെ വ്യക്തമായി.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്റെ ഗൗരവം സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ ജില്ലാ ഘടകത്തിനു കഴിഞ്ഞില്ലെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉയര്‍ന്ന വിമര്‍ശനം. തട്ടിപ്പിനെ കുറിച്ച് ആദ്യം പരാതി ലഭിച്ചത് തൃശൂരില്‍ നിന്നുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനാണ്. ജില്ലയില്‍ അന്വേഷണം തീരുമാനിച്ച് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.
ജില്ലയില്‍ നിന്നു തന്നെയുള്ള എ.സി. മൊയ്തീന് അന്ന് സഹകരണ മന്ത്രിയായിരുന്നു. അതിനാല്‍ തട്ടിപ്പിനെ കുറിച്ച് കൃത്യമായ വിവരം അദ്ദേഹത്തിനും ഉണ്ടായിരുന്നു. എന്നിട്ടും വേണ്ടത്ര പ്രധാന്യത്തോടെ ഇത് സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ജാഗ്രത കാട്ടുകയും ചെയ്തില്ല. തട്ടിപ്പ് വിശദമായി പരിശോധിക്കാന്‍ ജില്ലാ നേതൃത്വത്തിന് സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം നല്കി.
തൃശൂരിലെ കൂടുതല്‍ നേതാക്കള്‍ക്കെതിരെ നടപടിയും വരും. തൃശൂരില്‍ പാര്‍ട്ടിയുടേയും സഹകരണ പ്രസ്ഥാനങ്ങളുടേയും വിശ്വാസ്യത തിരിച്ചു പിടിക്കാന്‍ ഉതകുന്ന നടപടികള്‍ വേണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് ജില്ലാ നേതൃത്വത്തിനും സര്‍ക്കാരിനും നിര്‍ദേശം നല്കി. സഹകരണ മേഖലയില്‍ പിടിമുറുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ പാര്‍ട്ടി ഘടകങ്ങളും ശക്തമായ ജാഗ്രത പുലര്‍ത്തണം എന്നും തീരുമാനിച്ചു.
പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളായ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത് സിപിഎമ്മിന് വലിയ ആഘാതമാണെന്നതിനാലാണ് പെട്ടന്നു തന്നെ തിരുത്തല്‍ നടപടികളിലേക്ക് നീങ്ങിയത്. സംസ്ഥാനത്ത് പാര്‍ട്ടി നിയന്ത്രണത്തിലുള്ള എല്ലാ സഹകരണ സ്ഥാപനങ്ങളിലും പാര്‍ട്ടിതല പരിശോധന നടത്തും.
സംസ്ഥാനതലത്തിലും ജില്ലാ പ്രാദേശിക തലങ്ങളിലും സിപിഎമ്മിനുള്ള സഹകരണ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജസ്വലമാക്കും. ക്രമക്കേടുകള്‍ തടയാന്‍ സഹകരണ നിയമ ഭേദഗതിക്ക് സര്‍ക്കാരും നടപടി തുടങ്ങി. സഹകരണ വിജിലന്‍സ് ശക്തിപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നിരീക്ഷണത്തിനും പരിശോധനയ്ക്കും പ്രത്യേക സമിതിയെ നിയോഗിക്കാനാണ് ആലോചന.