കണ്ണൂര്‍: മാധ്യമ പ്രവര്ത്തകന് എം.വി നികേഷ് കുമാര്‍ 28 വര്‍ഷത്തെ സജീവ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേയ്ക്ക്. നിലവില്‍ റിപ്പോര്‍ട്ടര്‍ ടിവിയില്‍ ചീഫ് എഡിറ്ററായ അദ്ദേഹം ഔദ്യോഗിക ചുമതലകള്‍ ഒഴിഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും ഇന്നു വൈകിട്ട് എഴുമണിക്കത്തെ വാര്‍ത്താ പരിപാടിയിലൂടെയാണ് വിടവാങ്ങള്‍ പ്രഖ്യാപിച്ചത്.
നികേഷ് കുമാറിനെ സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താന്‍ ഇന്നലെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനമായിരുന്നു. 2016 -ല്‍ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് അഴീക്കോട് മണ്ഡലത്തില്‍ നിന്ന് നികേഷ് നിയമസഭയിലേയ്ക്ക് മല്‍സരിച്ചിരുന്നെങ്കിലും കെ.എം ഷാജിയോട് പരാജയപ്പെട്ടു. തുടര്‍ന്ന് വീണ്ടും അദ്ദേഹം മാധ്യമ പ്രവര്‍ത്തനത്തിലേയ്ക്ക് തിരിച്ചുവന്നിരുന്നു.
കഴിഞ്ഞ വര്‍ഷം സ്വന്തം ഉടമസ്ഥതയില്‍ ഉള്ള റിപ്പോര്‍ട്ടര്‍ ചാനല്‍ വില്പന നടത്തിയിരുന്നെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം ചാനലിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനത്ത് തുടരുകയായിരുന്നു. എന്നാല്‍ ഭരണപരമായ ചുമതലകള്‍ ഒന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഉചിതമായ സമയം നോക്കി രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ചുപോകുന്നതിനു വേണ്ടി റിപ്പോര്‍ട്ടര്‍ ചാനലില്‍ തുടര്‍ന്നുവന്നിരുന്ന നികേഷ് ഇനി പാര്‍ട്ടിയില്‍ സജീവമായി മാറും.
ആദ്യം മല്‍സരിച്ച അഴീക്കോട് മണ്ഡലത്തില്‍ 2016 -ല്‍ ഇദ്ദേഹം തോറ്റിരുന്നെങ്കിലും 2021 -ല്‍ ഇതേ മണ്ഡലത്തില്‍ കെ.വി സുമേഷ് കെ.എം ഷാജിയെ പരാജയപ്പെടുത്തിയിരുന്നു. അതിനാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലം തന്നെ നികേഷിന് അനുവദിക്കാന്‍ സാധ്യത കുറവാണ്. പകരം കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഉറപ്പുള്ള ഏതെങ്കിലും മണ്ഡലത്തില്‍ നിന്നും നികേഷിനെ നിയമസഭയിലേയ്ക്ക് മല്‍സരിപ്പിക്കാനാണ് സിപിഎം ആലോചിക്കുന്നത്. അതുവരെ ജില്ലാ കമ്മറ്റി അംഗം എന്ന നിലയില്‍ അദ്ദേഹം ഇടതുപക്ഷ രാഷ്ട്രീയത്തില്‍ സജീവമാകും.
എല്ലാ കാലത്തും തന്റെ ജീവിതത്തില്‍ രാഷ്ട്രീയമുണ്ടായിരുന്നുവെന്ന് എം വി നികേഷ് കുമാര്‍ പറഞ്ഞു. ‘ഒരു പൗരനെന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ രീതിയില്‍ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. ഇനി സിപിഎം അംഗമായി പ്രവര്‍ത്തിക്കും. റിപ്പോര്‍ട്ടര്‍ ടിവി ഞാന്‍ ജന്മം നല്കിയ സ്ഥാപനമാണ്. എന്റെ കരുതലും സ്നേഹവുമെല്ലാം എല്ലാ കാലത്തും റിപ്പോര്‍ട്ടറിനൊപ്പം ഉണ്ടാകും. ചാനലിന്റെ ഭാഗമായി നിന്നുകൊണ്ട് പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുന്നതിലെ തടസ്സം കൊണ്ടാണ് ഈ തീരുമാനം,’ എം വി നികേഷ് കുമാര്‍ വിശദീകരിച്ചു.
കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം വി രാഘവന്റെയും സി വി ജാനകിയുടെയും മകനായി 1973 മെയ് 28 നാണ് എം വി നികേഷ് കുമാറിന്റെ ജനനം. ഏഷ്യാനെറ്റ് ന്യൂസിലാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്. 2003 ല്‍ കേരളത്തിലെ ആദ്യത്തെ മുഴുവന്‍ സമയ വാര്‍ത്താ ചാനലായി ഇന്ത്യാവിഷന് ആരംഭിച്ചപ്പോള്‍ എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവര്‍ത്തിച്ചു. 2011ല്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് തുടക്കം കുറിച്ചു. രാംനാഥ് ഗോയങ്ക അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.