മദ്യനയത്തിലെ ബാര്‍ കോഴ വിവാദത്തില്‍ ശബ്ദസന്ദേശം പുറത്തുവന്നത് ക്രൈംബ്രാഞ്ച് അന്വേഷിക്കും. മന്ത്രി എം ബി രാജേഷ് ഡിജിപിക്ക് നല്കിയ പരാതി ക്രൈംബ്രാഞ്ച് എ.ഡിജി.പിക്ക് കൈമാറിയിരുന്നു.പണപ്പിരിവ് ആരോപണത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. അന്വേഷണ രീതി ക്രൈം ബ്രാഞ്ച് മേധാവി ഇന്ന് പ്രഖ്യാപിക്കും.
മദ്യനയ ഇളവില്‍ കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്. മദ്യനയം സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ നേതാവിന്റെ ശബ്ദസന്ദേശം പുറത്തുവന്നത്.ഇതിന് പിന്നാലെ സര്‍ക്കാരിന് എതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയാണ്. എക്സൈസ് മന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. എന്നാല്‍ ആരോപണങ്ങള്‍ വ്യാജമാണെന്നും മന്ത്രിയുടെ രാജി ആവശ്യമില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് വ്യക്തമാക്കി.
അനിമോന്റെ വാക്കുകളില്‍ നിന്നും
മദ്യനയ ഇളവില്‍ ബാറുടമകള്‍ രണ്ടര ലക്ഷം രൂപ വീതം നല്‍കണമെന്നാണ് നിര്‍ദേശം. രണ്ട് ദിവസത്തിനുള്ളില്‍ പണം നല്‍കണമെന്നാണ് പുറത്തുവന്ന സന്ദേശത്തില്‍ നിര്‍ദേശിക്കുന്നത്. സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശം അനുസരിച്ചാണ് പണപ്പിരിവെന്നാണ് അനിമോന് പറയുന്നത്. ഡ്രൈഡേ ഒഴിവാക്കാനും മറ്റ് ഇളവുകള്‍ക്കും കൊടുക്കേണ്ടത് കൊടുക്കണമെന്ന് ശബ്ദസന്ദേശത്തില്‍ പറയുന്നു. ഇത് കൊടുക്കാതെ ആരും സഹായിക്കില്ലെന്നും അനിമോന് പറയുന്നു. സഹകരിച്ചില്ലേല് നാശത്തിലേക്കാണ് പോകുന്നതെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു.