കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ സമാജ്വാദി പാര്‍ട്ടി ക്യാമ്പില്‍. കപില്‍ സിബല്‍ രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചു. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പമാണ് അദ്ദേഹം പത്രിക സമര്‍പ്പിക്കാനെത്തിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് മെയ് 16ന് താന്‍ രാജി വച്ചതായി സിബല്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യം ഇതുവരെ കോണ്‍ഗ്രസ് പുറത്തു വിട്ടിരുന്നില്ല.
കാലാവധി പൂര്‍ത്തിയാവുന്ന കപില്‍ സിബലിനെ ഇനി രാജ്യസഭയിലേക്ക് അയക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ നാവായിരുന്ന കപില്‍ സിബല്‍ സമാജ് വാദി പാര്‍ട്ടിയിലേക്കെത്തുന്നത്. എസ് പിക്ക് രാജ്യസഭയിലേക്ക് മൂന്ന് സീറ്റുകളാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ളത്. ഇതില്‍ ഒരു സീറ്റാണ് അദ്ദേഹത്തിന് നല്‍കുന്നത്. നിരന്തരം കോണ്‍ഗ്രസിനെ വിമര്‍ശിച്ചു കൊണ്ടിരുന്ന കപില്‍ സിബലിനോട് ഇനി സന്ധിയില്ലെന്ന നിലപാട് കോണ്‍ഗ്രസ് കൈക്കൊണ്ടിരുന്നു.
കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച ജി 23 നേതാക്കളില്‍ പ്രമുഖനാണ് കപില്‍ സിബല്‍. രാജസ്ഥാനിലെ ഉദയ്പൂരില്‍ ഈയിടെ നടന്ന ചിന്തന്‍ ശിവിറില്‍ സിബല്‍ പങ്കെടുത്തിരുന്നില്ല. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ സമൂല അഴിച്ചു പണി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ കമ്മിറ്റികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം രൂപം നല്‍കിയതിന്റെ പിറ്റേ ദിവസമാണ് സിബലിന്റെ രാജി. ജി 23 ഗ്രൂപ്പിലെ മുകുള്‍ വാസ്നിക്, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ തുടങ്ങിയവര്‍ക്ക് ഇടം നല്‍കിയാണ് പാര്‍ട്ടി പുതിയ കമ്മിറ്റികള്‍ രൂപവത്കരിച്ചിരുന്നത്.
ഏതാനും ദിവസങ്ങള്‍ക്കിടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുന്ന മൂന്നാമത്തെ പ്രധാന നേതാവാണ് സിബല്‍. ഗുജറാത്ത് വര്‍ക്കിങ് പ്രസിഡണ്ട് ഹര്‍ദിക് പട്ടേല്‍, പഞ്ചാബ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജാഖര്‍ എന്നിവരാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടവര്‍. ഇരുവരും ബിജെപിയിലേക്കാണ് ചേക്കേറിയത്.
അഖിലേഷ് യാദവ്, അസം ഖാന് തുടങ്ങി സമാജ്വാദി പാര്‍ട്ടിയിലെ നിരവധി നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവാണ് കപില്‍ സിബല്‍. ജയിലില്‍ കഴിയുന്ന അസം ഖാനു വേണ്ടി ഈയിടെ സുപ്രിം കോടതിയില്‍ ഹാജരായത് സിബലായിരുന്നു. കോടതി ഖാന് ജാമ്യം അനുവദിക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശില്‍ മൂന്ന് രാജ്യസഭാ സീറ്റുകളിലാണ് എസ്പിക്ക് വിജയിക്കാനാകുക. ഇതിലൊന്നാണ് കപില്‍ സിബലിന് നല്‍കിയിരിക്കുന്നത്. ഒരു സീറ്റ് സഖ്യകക്ഷിനേതാവും ആര്‍എല്‍ഡി അധ്യക്ഷനുമായ ജയന്ത് ചൗധരിക്ക നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.