നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ അപമാനിച്ചുവെന്ന് ആരോപിച്ച് എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെ യുഡിഎഫ് വനിതാ കമ്മീഷനില്‍ പരാതി നല്കി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജെബി മേത്തറാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്. മുന്‍ മന്ത്രി എം എം മണി, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്നിവരെ പ്രതി ചേര്‍ത്താണ് മഹിളാ കോണ്‍ഗ്രസ് വനിതാ കമ്മീഷന് പരാതി നല്‍കിയത്.
മൂവരുടെയും ചില പ്രതികരണങ്ങള്‍ അതിജീവിതയെ സമൂഹത്തില്‍ ആക്ഷേപിക്കുന്ന തരത്തിലാണ്. ഭരണഘടനാ പദവിയിലിരിക്കുന്ന ആളുകളും ഇപ്പോള്‍ ആ സ്ഥാനങ്ങള്‍ വഹിക്കുന്ന ആളുകളും ബോധപൂര്‍വം അതിജീവിതയെ സമൂഹത്തിന് മുന്നില്‍ ആക്ഷേപിക്കുന്ന തരത്തിലാണ് ചില പ്രസ്താവനകള്‍ നടത്തിയിരിക്കുന്നത്. ആ പ്രസ്താവനകള്‍ അതിജീവിതയ്ക്ക് മാത്രമല്ല, സ്ത്രീകളെ പൊതുവായി അപമാനിക്കുന്ന തരത്തിലാണ്. ഇക്കാര്യത്തില്‍ കൃത്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് യുഡിഎഫ് മഹിളാ കോണ്‍ഗ്രസ് വനിതാ കമ്മിഷന് പരാതി നല്‍കിയത്.
അതേസമയം അതിജീവിത എപ്പോള്‍ പരാതി നല്‍കണം എന്നു തീരുമാനിക്കുന്നത് യുഡിഎഫ് അല്ല എന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നീതി കിട്ടില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് നടി ഹൈക്കോടതിയെ സമീപിച്ചത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നടിക്ക് നീതി കിട്ടില്ല എന്ന് പി ടി തോമസ് തന്നെ പറഞ്ഞിരുന്നു.
ഭരണ കൂടത്തിന്റെ ഇടപെടല്‍ വളരെ ശക്തമായതാണ് അതിന് കാരണം. അത് കൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. സര്‍ക്കാരാണ് ബോധപൂര്‍വ്വം കേസ് അട്ടിമറിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുറത്ത് അലഞ്ഞ് തിരിഞ്ഞ് നടന്നത് ലാവലിന്‍ കേസിലെ പ്രതി മാത്രമാണ്. അത് സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ ഉള്ള വിഷയമല്ലാത്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.