തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പില്‍ ആരോപണവിധേയനായ കോണ്‍ഗ്രസ് പ്രവര്ത്തകന് ബ്രീസ് ലാലിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി വിജിലന്‍സ് സംഘം. പണം തട്ടാന്‍ വേണ്ടിയുള്ള വ്യാജ അപേക്ഷകള്‍ സെക്രട്ടറിയേറ്റില്‍ കൈകാര്യം ചെയ്യുന്നത് ബ്രീസ്ലാലിന്റെ അടുത്ത ബന്ധു അടങ്ങിയ സംഘമാണ്. അഞ്ചുതെങ്ങില്‍ നിന്നുള്ള ഭൂരിഭാഗം അപേക്ഷികളിലും ബ്രീസ്ലാലിന്റെ ഫോണ്‍ നമ്പറുകളാണ് നല്‍കിയിട്ടുള്ളതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ഇത്തരം തട്ടിപ്പ് ശ്രദ്ധയില്‍പെട്ടതോടെ അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു മുഖ്യമന്ത്രിക്ക് പരാതി നല്കി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സംസ്ഥാന വ്യാപക പരിശോധന നടക്കുന്നത്.തുക അനുവദിക്കപ്പെട്ടാല്‍ അപേക്ഷകനെ കണ്ട് തന്റെ സ്വാധീനത്തിലാണ് പണം അനുവദിച്ചതെന്ന് പറഞ്ഞ് ബ്രീസ് ലാല്‍ പകുതിയോളം തുക കൈക്കലാക്കുമെന്നാണ് വിവരങ്ങള്‍.
ആലത്തൂര്‍ താലൂക്കിലും സമാന തട്ടിപ്പ് നല്ക്കുന്നതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. അനര്‍ഹമായി തുക കൈപ്പറ്റിയതിന് പിന്നില്‍ ആലത്തൂര്‍ എരട്ടക്കുളം സ്വദേശികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ ചന്ദ്രന്, കെ ഹുസൈനാര് എന്നിവരാണെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.