പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിവാദ ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തി ജാമിഅ മില്ലിയ്യ സര്‍വകലാശാല. ക്യാമ്പസില്‍ അനധികൃത ഒത്തുചേരലുകള്‍ അനുവദിക്കില്ലെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. എസ്.എഫ്.ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതില്‍ വിദ്യാര്‍ഥികള്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും.
യൂണിറ്റ് സെക്രട്ടറി അസീസ് ഷെരീഫ്, നിവേദ്യ പി.ടി, അഭിരാം, തേജസ് തുടങ്ങിയവരെയാണ് ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അസീസിനെ സുഖ്ദേവ് വിഹാര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നിവേദ്യയെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ മര്‍ദിച്ചെന്നും ആരോപണമുണ്ട്.
ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന ഡോക്യുമെന്ററി ക്യാമ്പസില്‍ പ്രദര്‍ശിപ്പിക്കുന്നത് സര്‍വ്വകലാശാല അധികൃതര്‍ വിലക്കിയിരുന്നു. ഇന്ന് വൈകിട്ട് ആറു മണിക്കാണ് ഡോക്യുമെന്ററി പ്രദര്‍ശനം തീരുമാനിച്ചിരുന്നത്. വിലക്ക് ലംഘിച്ചും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കസ്റ്റഡി.
അതേസമയം വിവാദ ഡോക്യുമെന്ററി പ്രദര്‍ശനവുമായി മുന്നോട്ടുപോകുമെന്ന് തന്നെയാണ് വിദ്യാര്‍ഥികളുടെ നിലപാട്. അല്‍പ്പസമയത്തിനകം വിദ്യാര്‍ഥികള്‍ ജാമിയ മില്ലിയ സര്‍വകലാശാലയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. ക്യാമ്പസിന് പുറത്തായി വലിയ പൊലീസ് സന്നാഹമാണ് നിലയിറുപ്പിച്ചിട്ടുള്ളത്.
ഒരുതരത്തിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കില്ലെന്ന് തന്നെയാണ് സര്‍വകലാശാലയുടെ നിലപാട്. അനധികൃതമായി ആരെങ്കിലും കൂട്ടം കൂടുകയാണെങ്കില്‍ അവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. ഇന്നലെ ജെ.എന്‍.യുവിലുണ്ടായ പ്രതിഷേധങ്ങളും മറ്റും മുന്നില്‍ കണ്ട് തന്നെയാണ് പൊലീസ് ക്യാമ്പസിന് പുറത്ത് നിലയുറപ്പിച്ചിരിക്കുന്നത്.
ഇന്ന് ആറു മണിക്ക് എന്ത് സംഭവിച്ചാലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തതിനെതിരെ എസ്.എഫ്.ഐ നടത്തുന്ന പ്രതിഷേധ പരിപാടിക്ക് നിരവധി വിദ്യാര്‍ഥി സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.