ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അനില്‍ ആന്റണിയുടെ രാജിയെ കൂട്ടത്തോടെ സ്വാഗതം ചെയ്തും കൂടുതല്‍ നടപടി ആവശ്യപ്പട്ടും സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസിലെ പദവികളില്‍ നിന്നുള്ള അനില്‍ കെ. ആന്റണിയുടെ രാജിയില്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് പിതാവ് കൂടിയായ എ.കെ. ആന്റണി.
ബിബിസി ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കില്ലെന്ന് പറഞ്ഞ് അനിലിനെ ശശി തരൂരും തള്ളി. പ്രതികരിക്കാതെ ഒഴിഞ്ഞെങ്കിലും അനില്‍ വിവാദം എകെ ആന്റണിയുടെ പ്രതിച്ഛായക്ക് പോലും മങ്ങലേല്‍പ്പിച്ചു.
ബിബിസി ഡോക്യുമെന്ററി ഉയര്‍ത്തി ദേശീയ – സംസ്ഥാന തലത്തില്‍ ബിജെപിയെ നേരിടുന്നതിനിടെയാണ് അനില്‍ ആന്റണിയുടെ നിലപാട് കോണ്‍ഗ്രസ്സിനെ കടുത്ത വെട്ടിലാക്കിയത്. അനിലിന്റെ ബിജെപി അനുകൂല ട്വീറ്റ് ദേശീയ തലത്തില്‍ ചര്‍ച്ചയായതോടെ ആന്റണിയുടെ മകനാണെന്നൊന്നും നേതാക്കള്‍ നോക്കിയില്ല. ഇന്നലെ കോണ്‍ഗ്രസ് – യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അനിലിനെതിരെ പരസ്യ നിലപാടെടുത്ത് രംഗത്ത് വന്നിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് വരെ തള്ളിപ്പറഞ്ഞിട്ടും അനില്‍ നിലപാടില്‍ ഉറച്ചു നിന്നതോടെ നേതാക്കള്‍ കൂടുതല്‍ അതൃപ്തിയോടെ രംഗത്ത് വന്നു. നടപടി കൂടിയേ തീരൂവെന്ന് നേതാക്കള്‍ നിലപാട് ശക്തമാക്കുന്നതിനിടെയാണ് എല്ലാ സ്ഥാനങ്ങളും അനില്‍ ആന്റണി രാജിവെച്ചത്.
അനില്‍ രാജിവെച്ചതോടെ തത്കാലത്തേക്ക് കൂടുതല്‍ പരിക്കേല്‍ക്കാതെ വിവാദത്തില്‍ നിന്ന് രക്ഷപ്പെട്ടെന്ന ആശ്വാസത്തിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടി. എന്നാല്‍ അനില്‍ ആന്റണിക്കെതിരെ രാജി പോരെന്നും ശക്തമായ നടപടി വേണമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും റിജില്‍ മാക്കുറ്റിയുമെല്ലാം ആവശ്യപ്പെടുന്നു.
അനില്‍ ആന്റണിയുടെ രാജിയെ വി.ടി. ബല്‍റാം സ്വാഗതം ചെയ്തു. ”രാജിവെക്കാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. ആ നിലയ്ക്ക് ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഡോക്യുമെന്ററിയുടെ കാര്യത്തില്‍ അദ്ദേഹമെടുത്ത നിലപാടിനോട് കേരളത്തിലെ കോണ്‍ഗ്രസിന് യോജിക്കാനാവില്ല.
അതുകൊണ്ട് തന്നെ തന്റെ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് പാര്‍ട്ടി സ്ഥാനങ്ങളില്‍ തുടരാനാവില്ല എന്ന് അദ്ദേഹത്തിനും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പദവി ഒഴിയുകയാണെങ്കില്‍ അതില്‍ ഒട്ടും അപാകതയില്ല. കേരളത്തിലെ പാര്‍ട്ടിയുടെ സമൂഹമാധ്യമ വിഭാഗത്തെ അടിയന്തരമായി പുനസംഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ എത്തിയിരിക്കുകയാണ്. അതുകൊണ്ട് അനിവാര്യമായ രാജി എന്ന നിലയിലാണ് ഇതിനെ കാണുന്നത്,” വി.ടി. ബല്‍റാം പറഞ്ഞു.
കെ.പി.സി.സി എന്നിവയുടെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍, എ.ഐ.സി.സി മീഡിയ കോര്‍ഡിനേറ്റര്‍ സ്ഥാനങ്ങളില്‍ നിന്നും ഒഴിയുന്നതായി അനില്‍ ആന്റണി പ്രഖ്യാപിച്ചത്. രാജിക്കത്ത് അനില്‍ തന്നെ ട്വീറ്റ് ചെയ്യുകയായിരുന്നു.