വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് കെ ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിടാന്‍ കളക്ടര്‍ ഡോ. പി കെ ജയശ്രീയുടെ ഉത്തരവ്. വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരത്തില്‍ അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യതയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഹോസ്റ്റലുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഒഴിയണമെന്നും നിര്‍ദേശമുണ്ട്. സമരം ദോഷകരമായി ബാധിക്കാനിടയുണ്ടെന്നും നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
2011 ലെ കേരള പൊലീസ് ആക്ടിലെ വകുപ്പ് 81 പ്രകാരമാണ് നടപടിയെന്നും ഉത്തരവില്‍ പറയുന്നു. ക്രിസ്തുമസ് ദിനം മുതല്‍ സമരം ശക്തമാക്കാനായിരുന്നു വിദ്യാര്‍ത്ഥികളുടെ നീക്കം. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ ജാതി വിവേചനത്തിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. വിഷയത്തില്‍ ഇതുവരെ പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിട്ട് പ്രശ്ന പരിഹാരം കാണാനാണ് നീക്കം. കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ക്യാമ്പസിലെത്തി ഉത്തരവിലെ വിവരങ്ങള്‍ ധരിപ്പിച്ചു. വിദ്യാര്‍ത്ഥികളോട് ഹോസ്റ്റലുകള്‍ ഒഴിയണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
അതേസമയം കെആര്‍ നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ ജാതിവിവേചനം ആരോപണം അന്വേഷിക്കാനുള്ള ഉന്നത സമിതിയെ രൂപീകരിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരമെന്ന് മന്ത്രി ആര് ബിന്ദു. കെ ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങള്‍ ജനുവരിയോടെ പരിഹരിക്കപ്പെടും. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ നേതൃത്വത്തില്‍ ഉന്നത തല സമിതി രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. വിശ്വോത്തര ചലച്ചിത്രകാരന് അടൂര്‍ ഗോപാലകൃഷ്ണനാണ് സ്ഥാപന ചെയര്മാന്. അദ്ദേഹത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ച് ആദ്യം നിയോഗിച്ച കമ്മീഷന് മുന്നില്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ തെളിവെടുപ്പിന് ഹാജറായില്ല. അതിനാല്‍ പൂര്‍ണമായ റിപ്പോര്‍ട്ട് ലഭിച്ചില്ല. തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ട് പുതിയ കമ്മീഷനെ നിയോഗിക്കുകയായിരുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ശങ്കര്‍ മോഹന്‍ രാജി വെക്കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു. ‘വിദ്യാര്‍ത്ഥികളോടും സ്റ്റാഫിനോടുമുള്ള ജാതീയമായ വിവേചനങ്ങള്‍ ക്രൂരവും മനുഷ്യത്വ വിരുദ്ധവുമാണ്. ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുണ്ടാകുന്ന വിവേചനങ്ങളെ ഞങ്ങള്‍ വിദ്യാര്‍ഥികള്‍ ശക്തമായി അപലപിക്കുന്നു. ശങ്കര്‍ മോഹന്‍ ഇനിയും സ്ഥാപനത്തിന്റെ അധ്യക്ഷപദവിയില്‍ തുടരുന്നത് സ്ഥാപനത്തിന്റെ അന്തസത്തയ്ക്ക് കളങ്കമുണ്ടാക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് അങ്ങേയറ്റം അപമാനകരവുമാണെന്നും വിദ്യാര്‍ത്ഥികള്‍ പ്രസ്താവനയിലൂടെ പറഞ്ഞിരുന്നു. ഡിസംബര്‍ അഞ്ച് മുതലാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ആരംഭിച്ചത്.