തിരുവനന്തപുരം കോര്‍പറേഷനിലെ നിയമനക്കത്ത് വിവാദത്തിനെതിരായ യുഡിഎഫ് സമര വേദിയിലെത്തി ശശി തരൂര്‍. പാര്‍ട്ടിക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന മേയര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മേയര്‍ രാജിവയ്ക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. സ്വന്തം മണ്ഡലത്തിലെ പ്രതിഷേധ പരിപാടികളില്‍ തരൂര്‍ പങ്കെടുക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് യുഡിഎഫ് സമരവേദിയില്‍ തരൂരിന്റെ സാന്നിധ്യം.
മേയര്‍ ആര്യാ രാജേന്ദ്രന് ഇപ്പോഴും പാര്‍ട്ടിക്കു വേണ്ടി മാത്രം പ്രവര്‍ത്തിക്കുകയാണെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന മേയര്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. ഏത് പാര്‍ട്ടിയില്‍ നിന്ന് മത്സരിക്കുന്നു എന്നതല്ല. ജയിച്ച് കഴിഞ്ഞ് സ്ഥാനം ലഭിച്ചാല്‍ എല്ലാവരുടെയും മേയറാകണം.
നമ്മുടെ നാട്ടില്‍ ജോലി തേടി നടക്കുന്ന യുവാക്കളെ വഞ്ചിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് ഞാനാണ്. ഇതില്‍ പ്രതിഷേധിക്കുന്ന ജനാധിപത്യ വിശ്വാസികള്‍ക്ക് നേരെ പൊലീസ് എന്തുമാത്രം ക്രൂരതയാണ് കാണിച്ചത്. ഇതൊരിക്കലും ക്ഷമിക്കാന്‍ സാധിക്കില്ല.
നാല് കെഎസ്യു പ്രവര്‍ത്തകര്‍ 18 ദിവസമായി ജയിലിലാണ്. 14 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജയിലിലാണ്. മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷയും എംപിയുമായ ജെബി മേത്തര്‍ ഉള്‍പ്പെടെ നിരവധിപേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. എന്തിനു വേണ്ടിയാണ് ഈ ക്രൂരതകള്‍. ഇതല്ല യഥാര്‍ത്ഥ ജനാധിപത്യം.’- പ്രതിഷേധക്കാര്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് ശശി തരൂര്‍ പറഞ്ഞു.
സമര വേദിയിലെത്തിയ ശശി തരൂരിനെ പ്രവര്‍ത്തകര്‍ ഷാള്‍ അണിയിച്ചും മുദ്രാവാക്യം വിളിച്ചും സ്വീകരിച്ചു. പാലോട് രവി, എന്‍ ശക്തന്, കെ എസ് ശബരീനാഥന് എന്നിവര്‍ക്കൊപ്പമാണ് തരൂര്‍ വേദി പങ്കിട്ടത്.