തിരുവനന്തപുരം സര്‍ക്കാര്‍ ഡെന്റല്‍ കോളേജിന്റെ ഭാഗമായി പുലയനാര്‍കോട്ട ടി.ബി. ആശുപത്രി വളപ്പില്‍ സ്ഥാപിച്ച സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ഡെന്റല്‍ ലാബിന്റെ പ്രവര്‍ത്തനോദ്ഘാടനം 25 ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷത വഹിക്കും.
പഠനഗവേഷണ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഈ ലാബ് സഹായകരമാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ കൃത്യമായ ഇടപെടലിലൂടെ നിശ്ചിത സമയത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ട്. 1.30 കോടി രൂപയാണ് സര്‍ക്കാര്‍ ഈ ലാബിനായി വിനിയോഗിച്ചത്. ലാബിന്റെ പ്രവര്‍ത്തനത്തിന് 10 പുതിയ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. ലാബിനാവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഡെന്റല്‍ കോളേജിലെ കണ്‍സര്‍വേറ്റീവ് ഡന്റിസ്ട്രി വിഭാഗം മേധാവിയുടെ കീഴിലാണ് ഡെന്റല്‍ ലാബ് സജ്ജമാക്കിയിരിക്കുന്നത്. ഇതോടൊപ്പം ലാബിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഡോ. വി.ജി. സാം ജോസഫിന് ലാബിന്റെ ചുമതല കൂടി നല്‍കിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ച് വന്നിരുന്ന കൃത്രിമ പല്ല് നിര്‍മാണം പൂര്‍ണമായും പുതിയ ലാബില്‍ നിര്‍മ്മിക്കാനാകും. ഡെന്റല്‍ ചികിത്സാരംഗവുമായി ബന്ധപ്പെട്ട ക്രൗണ്‍, ബ്രിഡ്ജ്, ഇന്ലെ, ഓണ്‍ലെ തുടങ്ങിയവ ഒരുപരിധിവരെ സ്വകാര്യ ലാബുകളെ ആശ്രയിച്ചാണ് നടത്തിവരുന്നത്. ഡെന്റല്‍ ലാബ് സാക്ഷാത്ക്കരിക്കുന്നതോടെ ചുരുങ്ങിയ ചെലവില്‍ ഇവിടെ ചെയ്യാന്‍ സാധിക്കുന്നതാണ്. ബി.പി.എല്‍. വിഭാഗക്കാര്‍ക്ക് പൂര്‍ണമായും ഇവ സൗജന്യമായി ലഭ്യമാകുന്നതാണ്.
അക്കാഡമിക് രംഗത്തും ഗവേഷണ രംഗത്തും ഒരു പോലെ ഈ ലാബ് സഹായകരമാണ്. പൊതുമേഖലയില്‍ ദന്തല്‍ ലബോറട്ടറി ഉണ്ടായാല്‍ ക്ലിനിക്കല്‍ ഡെന്റിസ്ട്രിയുടെ അടിസ്ഥാനമായ വിവിധ ദന്തല്‍ പദാര്‍ത്ഥങ്ങളിലുള്ള ഗവേഷണത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ കഴിയും. ദന്തല്‍ കൗണ്‍സിലിന്റെ മാനദണ്ഡപ്രകാരം ഇത്തരത്തിലുള്ള ഒരു ലബോറട്ടറി പ്രത്യേകിച്ചും സിറാമിക് യൂണിറ്റോടുകൂടിയ സംവിധാനം കോളേജിന്റെ അംഗീകാരത്തിനുള്ള നിബന്ധനകളില്‍ ഒന്നാണ്. കൂടാതെ സംസ്ഥാനത്തെ ദന്തല്‍ വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലബോറട്ടറി പരിശീലനം നല്‍കാനും ഈ ലാബ് സഹായിക്കുന്നതാണ്.