യു.എ.ഇ യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നുവെന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ മൊഴി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എം.കെ മുനീര്‍ എം.എല്‍.എയുടെ ചോദ്യത്തിന് നിയമസഭയില്‍ രേഖാമൂലമാണ് മുഖ്യമന്ത്രിയുടെ മറുപടി. യു.എ.ഇ കോണ്‍സലേറ്റ് വഴി മുഖ്യമന്ത്രിക്ക് പാക്കറ്റ് എത്തിച്ചതായി ശിവശങ്കര്‍ കസ്റ്റംസിന് നല്കിയ മൊഴി പുറത്ത് വന്നിരുന്നു.
മുഖ്യമന്ത്രി യു.എ.ഇ യാത്രയില്‍ ബാഗേജ് മറന്നുവെന്ന് ശിവശങ്കര്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് നല്കിയ മൊഴി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ, അതില്‍ വാസ്തവം ഉണ്ടോ എന്നതായിരുന്നു ഡോ.എം കെ മുനീര്‍ എം.എല്‍.എയുടെ ചോദ്യം. ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് മറുപടി നല്കിയ മുഖ്യമന്ത്രി ഇല്ലെങ്കില്‍ സര്‍ക്കാരിനെ അപകീര്‍ത്തി പെടുത്താന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുമോയെന്ന രണ്ടാമത്തെ ചോദ്യത്തിന് ബാധകമല്ലെന്നും ഉത്തരം നല്കി.
എന്നാല്‍ കസ്റ്റംസ് നിയമത്തിലെ 108 ആം വകുപ്പ് പ്രകാരം ശിവശങ്കര്‍ ഇക്കാര്യത്തില്‍ നല്കിയ മൊഴിയുടെ പകര്‍പ്പ് അടക്കം നേരത്തെ പുറത്ത് വന്നതാണ്. അത് പ്രകാരം മുഖ്യമന്ത്രിയുടെ ആദ്യ യാത്രയില്‍ യു.എ.ഇ പ്രതിനിധികള്‍ക്കുള്ള സമ്മാനങ്ങള്‍ അടങ്ങിയ പാക്കറ്റ് യു.എ.ഇ കോണ്‍സലേറ്റ് വഴി എത്തിച്ചതായി പറയുന്നു. കോണ്‍സുലേറ്റ് ജനറല്‍ സഹായ വാഗ്ദാനം നല്കിയിരുന്നതു കൊണ്ടാണ് ഇതു വഴി എത്തിച്ചതെന്നും ശിവശങ്കറിന്റെ മൊഴിയില്‍ ഉണ്ട്.
യു.എ.ഇ യാത്രയില്‍ ബാഗേജ് മറന്ന് വെച്ചിട്ടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി നിയമസഭയിലടക്കം സ്വീകരിച്ചത്. അതിനാലാവും ശിവശങ്കറിന്റെ വിവാദമായ മൊഴി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മറുപടി നല്കാന് മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന.