അനിത പുല്ലയില്‍ നിയമസഭ മന്ദരിത്തില്‍ പ്രവേശിച്ച സംഭവത്തില്‍ നാല് കരാര്‍ ജീവനക്കാരെ പുറത്താക്കും. ചീഫ് മാര്‍ഷലിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടിയെന്ന് സ്പീക്കര്‍ എം ബി രാജേഷ് അറിയിച്ചു. അനിത പുല്ലയിലിന് ഓപ്പണ്‍ ഫോറത്തിലേക്കുള്ള പാസ് ഉണ്ടായിരുന്നു. അത് വച്ച് എങ്ങനെ നിയമസഭ മന്ദിരത്തിന് അകത്ത് കയറി എന്നതാണ് അന്വേഷിച്ചത്. സഭ ടിവിയുടെ സാങ്കേതിക സഹായം നല്കുന്ന ഏജന്‍സിയുടെ ജീവനക്കാരിക്കൊപ്പമാണ് അകത്ത് കയറിയത്.
സഭാ ടിവിക്ക് ഒടിടി സഹായം നല്കുന്ന ബിട്രൈയിറ്റ് സൊലൂഷനിലെ ജീവനക്കാരുടെ സഹായത്തോടെയാണെന്ന് ചീഫ് മാര്‍ഷലിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. സഭാ ടിവി ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് അനിതയുടെ കൈവശം ഉള്ളത് കൊണ്ടാണ് കടത്തി വിട്ടതെന്നാണ് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയത്.
ലോക കേരള സഭക്കിടെ അനിതാ പുല്ലയില്‍ നിയമസഭാ മന്ദിരത്തിലെത്തിയത് വന്‍ വിവാദമായതോടെയാണ് അന്വേഷണത്തിന് സ്പീക്കര്‍ നിയമസഭാ ചീഫ് മാര്‍ഷലിനെ ചുമതലപ്പെടുത്തിയത്. അനിത സഭാമന്ദിരത്തിലേക്ക് വരുന്നത് മുതലുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. സഭാ ടിവിക്ക് ഒടിടി സഹായം നല്കുന്ന ബിട്രെയിറ്റ് സൊലൂഷനിലെ രണ്ട് ജീവനക്കാരാണ് അനിതക്ക് സഹായം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
തുടര്‍ച്ചയായ രണ്ട് ദിവസവും അനിത സമ്മേളന സമയത്ത് എത്തിയതിനെ ഗൗരവത്തോടെയാണ് നിയമസഭാ സെക്രട്ടറിയേറ്റ് കാണുന്നത്. രണ്ട് ദിവസം വന്നതില്‍ വലിയ സുരക്ഷാ വീഴ്ചയുണ്ടെയെന്നാണ് വിലയിരുത്തല്‍. മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് അനിതയെ മന്ദിരത്തില്‍ നിന്നും മാറ്റിയത്.