കൂളിമാട് കടവ് പാലത്തിന്റെ ബീമുകള്‍ തകര്‍ന്നത് സാങ്കേതിക വിദഗ്ദര്‍ അടങ്ങിയ ഉന്നത സംഘം അന്വേഷിക്കണമെന്ന് മെട്രോമാന് ഇ ശ്രീധരന്. ജാക്കികളുടെ പിഴവാണെങ്കില്‍ ബീമുകള്‍ മലര്‍ന്ന് വീഴില്ല. വിദഗ്ദ സംഘത്തിന്റെ അന്വേഷണം വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തേക്കാള്‍ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സംഭവങ്ങളില്‍ ആദ്യം അന്വേഷണം നടത്തേണ്ടത് സാങ്കേതിക വിദഗ്ദരാണ് വിജിലന്‍സ് അല്ല. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള എന്‍ജിനീയര്‍മാരെ സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബീമുകള്‍ തൂണുകളില്‍ ഉറപ്പിക്കാന്‍ താഴ്ത്തുമ്പോള്‍ അടിയില്‍ വച്ച ഹൈഡ്രോളിക് ജാക്കികളില് ഒന്നു പ്രവര്‍ത്തിക്കാതായതോടെ ബീം ചെരിഞ്ഞു വീണെന്ന പ്രാഥമിക വിശദീകരണം തൃപ്തികരമല്ല. അങ്ങനെ ജാക്കികള്‍ പ്രവര്‍ത്തിക്കായാല്‍ കുത്തനെയാണ് ബീമുകള്‍ വീഴുകയെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ചിട്ടില്ലാത്തതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കില്ല. ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടാല്‍ സാങ്കേതിക നിര്‍ദേശം നല്കാന് തയാറാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോ്ട മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന കൂളിമാട് കടവ് പാലത്തിന്റെ ബീമുകള്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് തകര്‍ന്ന് വീണത്. ജാക്കികളുടെ തകരാറാണെന്നായിരുന്നു കരാര്‍ കമ്പനിയായ യുഎല്‍സിസിയുടെ വിശദീകരണം.