മംഗളൂരു: മംഗളൂരു ഡവലപ്മെന്റ് അതോറിറ്റി കമീഷണര്‍ മന്‍സൂര്‍ അലി ഖാനെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. വികസന അവകാശ കൈമാറ്റ രേഖ (ടി.ഡി.ആര്) അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്. കമീഷണര്‍ക്ക് വേണ്ടി തുക കൈപ്പറ്റിയ ബ്രോക്കര്‍ മുഹമ്മദ് സലീമും അറസ്റ്റിലായി.
മംഗളൂരു കൊട്ടാരയിലെ ഗിരിധര്‍ ഷെട്ടി നല്കിയ പരാതിയെത്തുടര്‍ന്ന് ലോകായുക്ത ഒരുക്കിയ കെണിയില്‍ ഇടനിലക്കാരന് മുഹമ്മദ് സലീം വീഴുകയായിരുന്നു. തുക കൈപ്പറ്റുന്നതിടെ ഇയാളെ ലോകായുക്ത പൊലീസ് കൈയോടെ പിടികൂടി. നേരിട്ട് പണം കൈപ്പറ്റാത്തതിനാല്‍ സുരക്ഷിതനാണെന്നാണ് കമീഷണര്‍ കരുതിയതെന്ന് ലോകായുക്ത വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. എന്നാല്‍ മുഹമ്മദ് സലീം രണ്ടാം പ്രതിയും അയാളുടെ മൊഴിയനുസരിച്ച് കമീഷണര്‍ ഒന്നാം പ്രതിയുമായി കേസ് റജിസ്റ്റര്‍ ചെയ്താണ് അറസ്റ്റുകള്‍ നടത്തിയത്.
ടി.ഡി.ആര് ഫയല്‍ കസ്റ്റഡിയില്‍ വെച്ച കമീഷണര്‍ ബ്രോക്കര്‍ മുഖേന കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു എന്നാണ് പരാതി. മംഗളൂരു ഡവലപ്മെന്റ് അതോറിറ്റി (മുഡ) ഓഫിസ് ഇടനിലക്കാരുടെ പിടിയിലാണെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് മേധാവി അറസ്റ്റിലായത്.