മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. 141. 40 അടിയാണ് നിലവിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 5617 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണ് ഇന്ന് രേഖപ്പെടുത്തിയത്. നിലവില്‍ 1867 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്.
അതേസമയം മുല്ലപ്പെരിയാര്‍ കേസിലെ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രിംകോടതി ഡിസംബര്‍ 10 ലേക്ക് മാറ്റി. നിലവിലുള്ള കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഉടന്‍ മാറ്റം വേണ്ടെന്ന് കേരളം വാദിച്ചു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികള്‍ക്ക് ശേഷം റൂള്‍കര്‍വ് വിഷയം പരിഗണിച്ചാല്‍ മതിയെന്നും കേരളം ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാറിലെ ചോര്‍ച്ചയെ കുറിച്ച് രണ്ട് സംസ്ഥനങ്ങളും ഒന്നിച്ച് പരിശോധിച്ച് റിപ്പോര്‍ട് നല്‍കണമെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ വാദം കേള്‍ക്കുമ്പോള്‍ അക്കാര്യം പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. ചോര്‍ച്ചയുടെ വിവരങ്ങള്‍ കൃത്യമായി കേരളത്തിന് നല്‍കുന്നുണ്ടെന്ന് തമിഴ്നാടും അറിയിച്ചിരുന്നു.