കുട്ടിയെ കാണാതായ സംഭവത്തില്‍ അമ്മയക്ക് നീതി ലഭിക്കണമെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്. അനുപമയ്ക്ക് കുട്ടിയെ തിരികെ കിട്ടേണ്ടതുണ്ടെന്നാണ് സിപിഎം നിലപാട്. അമ്മയ്ക്കൊപ്പമാണ് നില്‍ക്കുന്നത്. അനുപമയ്ക്ക് ആവശ്യമെങ്കില്‍ നിയമപരമായ സഹായം നല്‍കുമെന്നും എ വിജയരാഘവന് തിരുവനന്തപുരത്തു പറഞ്ഞു.
സിപിഎം തെറ്റായ നടപടിയെ പിന്തുണയ്ക്കില്ല. ഈ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമല്ല കാണേണ്ടത്. നിയമപരമായ പരിഹാരമാണതിനു വേണ്ടത്. അനുപമയ്ക്ക് കുട്ടിയെ തിരികെ ലഭിക്കണം. അതിന് അനുകൂലമായ നിലപാടാണ് സിപിഎമ്മിന്റേതെന്നും എ വിജയരാഘവന് പറഞ്ഞു.
കുട്ടിയെ കാണാതായതും ഇതില്‍ സിപിഎം ജില്ലാ കമ്മിറ്റി ഇടപെട്ടതും അറിഞ്ഞില്ല. പ്രാദേശികമായ പ്രശ്നമായതിനാല്‍ സംസ്ഥാന നേതൃത്വം അത് അറിയേണ്ടതില്ല. ജില്ലാ കമ്മിറ്റി നേരത്തേ തന്നെ ഇടപെട്ടിരുന്നതാണ് അറിയുന്നത്. ഇക്കാര്യത്തില്‍ അമ്മയ്ക്കൊപ്പമാണ് പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിയുടെ പിതാവായ അജിത്തുമായി പ്രണയത്തിലായതിനെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഗര്‍ഭിണിയായപ്പോള്‍ അലസിപ്പിക്കാന്‍ വീട്ടുകാര്‍ നിര്‍ബ്ബന്ധിച്ചിരുന്നു. ഒക്ടോബര്‍ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയില്‍ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്റെ അമ്മയും അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടു പോയി എന്നാണ് എസ്എഫ്ഐ നേതാവു കൂടിയായ അനുപമയുടെ പരാതി.
സിപിഎം പ്രവര്‍ത്തകനും ലോക്കല്‍ കമ്മിറ്റി നേതാവുമാണ് അനുപമയുടെ പിതാവ്. മൂത്ത സഹോദരിയുടെ വിവാഹത്തിന് ശേഷം കുട്ടിയെ നല്‍കാം എന്ന് വിശ്വസിപ്പിച്ചാണ് മാറ്റിയതെന്നും അനുപമ പറയുന്നു. തുടര്‍ന്ന് ഏപ്രിലില്‍ പൊലീസില്‍ ആദ്യ പരാതി നല്കി. പിന്നീടങ്ങോട്ട് ഡിജിപി, മുഖ്യമന്ത്രി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, സിപിഎം നേതാക്കള്‍ തുടങ്ങി എല്ലാവര്ക്കും പരാതി നല്കി. പക്ഷേ കുട്ടിയെ ദത്ത് നല്കുന്നതു വരെ എല്ലാവരും അവഗണിച്ചതായി അനുപമ കുറ്റപ്പെടുത്തുന്നു.