തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ള്ളതല്ലെന്ന സര്‍ക്കാരിന്റെ പുതിയ വാദം പ്രഹസനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. മന്ത്രി വി ശിവന്‍കുട്ടി മുന്‍മന്ത്രിമാരായ ഇ.പി ജയരാജന്, കെ.ടി ജലീല്‍ ഇടതുമുന്നണി നേതാക്കളായ കെ അജിത്ത്, സി.കെ സദാശിവന്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരുടെ നിലപാട് സര്‍ക്കാരിന്റെത് തന്നെയാണ്.
അന്നത്തെ സംഭവം കേരളം മുഴുവന്‍ കണ്ടതാണ്. നിയമസഭാ സെക്രട്ടറിയേറ്റ് റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളാണ് പുറത്തു വന്നത്. എന്നിട്ടും പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതല്ലെന്ന് പറയുന്നത് ജനാധിപത്യത്തെ അവഹേളിക്കലാണ്. കോടതിയുടെ അന്തിമ വിധി വന്നിട്ടും സിപിഎമ്മും സര്‍ക്കാരും അത് അംഗീകരിക്കാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്.
സംഘര്‍ഷം ഉണ്ടാക്കിയത് വാച്ച് ആന്റ് വാര്‍ഡായി എത്തിയ പൊലീസുകാരാണെന്നും അക്രമത്തിന് പ്രതികള്‍ക്ക് ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നുമുള്ള വാദം അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ലെന്നും സുരേന്ദ്രന് പറഞ്ഞു.