ആത്മഹത്യ ചെയ്ത കോവിഡ് രോഗികളുടെ കുടുംബത്തിനും നഷ്ടപരിഹാരം നല്‍കാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 50,000 രൂപ നല്‍കും. കോവിഡ് സ്ഥിരീകരിച്ച് ഒരു മാസത്തിനകം ആത്മഹത്യ ചെയ്തവരെ പട്ടികയിലുള്‍പ്പെടുത്തുമെന്നും സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേന്ദ്രത്തിന്റെ നിലപാടുമാറ്റം.
കൊവിഡ് ബാധിച്ച് ആത്മഹത്യചെയ്തവരുടെ മരണം കൊവിഡ് മരണമായി കണക്കാക്കാന്‍ ആകില്ലെന്ന കേന്ദ്രത്തിന്റെ നിലപാട് പുനപരിശോധിക്കണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് ബാധിച്ച് 30 ദിവസത്തിനകം മരണപ്പെട്ടവരുടെ കുടുംബത്തിനാണ് നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളത്.
നഷ്ടപരിഹാരം സംബന്ധിച്ച് ഹര്‍ജികള്‍ സുപ്രിംകോടതി ഉടന്‍ പരിഗണിക്കും. ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ജസ്റ്റിസ് എം.ആര് ഷാ അധ്യക്ഷനായ ബെഞ്ചാണ് പരിശോധിക്കുന്നത്. മഹാമാരിയില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ഗൗരവ് ബാന്ദല്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സത്യവാങ്മൂലം.
നഷ്ടപരിഹാര തുക നല്‍കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടും കോടതി പരിശോധിക്കും. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ തീരുമാനം കോടതി ചോദിച്ചറിയും. നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളവര്‍ ഏതൊക്കെ രേഖകള്‍ സമര്‍പ്പിക്കണമെന്നതില്‍ കേന്ദ്രം വ്യക്തത കൈവരുത്തണമെന്ന് എം.ആര് ഷാ അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശമുണ്ട്. നഷ്ടപരിഹാരം സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ സുപ്രിംകോടതി അനുവദിച്ച സമയം ഇന്നവസാനിക്കുകയാണ്.