മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയായ യുവതിയെ പൊതുമധ്യത്തില്‍ നഗ്നയായി കുളിക്കാന്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ആണ്‍കുട്ടിക്ക് ജന്മം നല്കാന് വേണ്ടി നടത്തിയ പ്രത്യേക പൂജയുടെ ഭാഗമായാണ് യുവതിയോട് പൊതുമധ്യത്തില്‍ കുളിക്കാന്‍ മന്ത്രവാദി ആവശ്യപ്പെട്ടത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് പൂനെ പോലീസ് ഭര്‍ത്താവും മന്ത്രവാദിയുള്പ്പെടെയുള്ള നാല് പേര്‍ക്കെതിരെയും കേസെടുത്തു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തതായി പൂനെയിലെ ഭാരതി വിദ്യാപീഠ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജഗന്നാഥ് കലാസ്കര്‍ പറഞ്ഞു. 2013 മുതല്‍ സ്ത്രീധനത്തിന്റെ പേരിലും ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിന്റെ പേരിലും ഭര്‍തൃവീട്ടുകാര്‍ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.
പല അവസരങ്ങളിലും ഭര്‍തൃ വീട്ടുകാര്‍ തന്നെ ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയിട്ടുണ്ടെന്നും യുവതി പൊലീസിന് മൊഴി നല്കി. ബിസിനസ് ആവശ്യങ്ങള്‍ക്കാണെന്ന് പറഞ്ഞ് ഭര്‍ത്താവ് വ്യാജ ഒപ്പിട്ട് തന്റെ വസ്തു പണയപ്പെടുത്തി 75 ലക്ഷം രൂപ കൈപ്പറ്റിയതായും യുവതി ആരോപിച്ചു. യുവതിയുടെ പരാതിയില്‍ പൂനെ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.
അടുത്തിടെ റായ്ഗഡില്‍ ഒരു മന്ത്രവാദി വെള്ളച്ചാട്ടത്തിനടിയില്‍ സ്ത്രീകളോട് പൊതുമധ്യത്തില്‍ നഗ്നരായി കുളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ആചാരങ്ങള്‍ പാലിച്ച് മുന്നോട്ട് പോയാല്‍ അവര്‍ക്ക് ആണ്‍കുഞ്ഞിന് ജന്മം നല്കാന് കഴിയുമെന്നും അയാള്‍ ഉറപ്പു നല്കി.