ശശി തരൂര്‍ എംപിക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍. ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിന്റെ നോമിനിയുമുള്ള സാഹചര്യത്തിലാണ് നടപടി.
‘രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇടപെടാതെ, മണ്ഡലത്തില്‍ പോലും വരാതെ, താങ്കളെ എംപിയായി ചുമക്കുന്ന പാര്‍ട്ടിയോടാണോ ഈ ചതി ചെയ്യുന്നത്?’ എന്നാണ് ഒരു പോസ്റ്റര്‍. സഹായിയെ ഡിസിസി പ്രസിഡന്റാക്കി പാര്‍ട്ടി പിടിക്കാനുള്ള തരൂരിന്റെ നീക്കത്തിനെതിരെ പ്രതികരിക്കുകയെന്നാണ് മറ്റൊരു പോസ്റ്റര്‍. തരൂരേ നിങ്ങള്‍ പിസി ചാക്കോയുടെ പിന്‍ഗാമിയാണോയെന്നും വട്ടിയൂര്‍ക്കാവില്‍ ഇഷ്ടക്കാരിക്ക് സീറ്റ് വാങ്ങിക്കൊടുത്ത് പാര്‍ട്ടിയെ മൂന്നാം സ്ഥാനത്താക്കിയതിന്റെ ഉത്തരവാദിത്തം തരൂര്‍ ഏറ്റെടുത്തോയെന്നുമെല്ലാം പോസ്റ്ററുകളില്‍ ചോദ്യങ്ങള്‍ ഉയരുന്നു.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്മാരുടെ പട്ടികയില്‍ തിരുവനന്തപുരത്ത് ഇന്ന് അവസാനവട്ട കൂടിയാലോചന നടക്കാനിരിക്കെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഒറ്റപ്പേരിലേക്ക് പട്ടിക ചുരുക്കാനാണ് ഇന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും കൂടിയാലോചന നടത്തുന്നത്.
ഡിസിസി അധ്യക്ഷന്മാരുടെ അന്തിമപട്ടിക സംസ്ഥാന നേതൃത്വം ഹൈക്കമാന്റിന് സമര്‍പ്പിച്ചെങ്കിലും കൂടുതല്‍ യുവാക്കള്‍ക്ക് പരിഗണന നല്‍കണമെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം. സ്ത്രീ സാന്നിധ്യവും സാമുദായിക പരിഗണനയും കണക്കിലെടുത്ത് സംസ്ഥാന നേതൃത്വം കൈമാറിയ പട്ടികയില്‍ ചെറിയ മാറ്റങ്ങള്‍ വന്നേക്കാം. ഹൈക്കമാന്റുമായുളള തുടര്‍ ചര്‍ച്ചകള്‍ക്കും അന്തിമ തീരുമാനമെടുക്കുന്നതിനുമായാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ഡല്‍ഹിയിലേക്ക് പോകുന്നത്.