ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മ വാര്‍ഷിക ദിനത്തില്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്. സാഹോദര്യവും സമത്വവും ദുര്‍ബലപ്പെടുത്തുന്ന വര്‍ഗീയ രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളും മുതലാളിത്ത ആശയങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മറികടന്ന് ഐക്യത്തോടെ നില്‍ക്കേണ്ട സന്ദര്‍ഭമാണിത്.
എങ്കില്‍ മാത്രമേ നിലവിലെ പ്രതിസന്ധികള്‍ പരിഹരിച്ച് സമാധാനവും സമൃദ്ധിയും നിറഞ്ഞ നവലോകം പടുത്തുയര്‍ത്തനാകൂ. ആ ഉദ്യമത്തിനു കരുത്തു പകരാന്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്കു സാധിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണ സംസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. പതിവ് പ്രാര്‍ത്ഥനകളും പൂജകളും വര്‍ക്കല ശിവഗിരിയില്‍ രാവിലെ നടക്കും. ശ്രീ നാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പതാക ഉയര്‍ത്തും. ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തില്‍ രാവിലെ നടക്കുന്ന ജയന്തി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
പിണറായി വിജയന്‍ന്റെ ഫേസ്ബുക് പോസ്റ്റ്:
ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമാണിന്ന്. ജാതിമതഭേദങ്ങള്‍ക്ക് അതീതമായി മനുഷ്യത്വത്തിന്റെ മഹത്വം വിളംബരം ചെയ്യുന്ന ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന സന്ദേശങ്ങള്‍ എന്നത്തേക്കാളും ആര്‍ജ്ജവത്തോടെ ഉയര്‍ത്തിപ്പിടിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മള് കടന്നു പോകുന്നത്. സാഹോദര്യവും സമത്വവും ദുര്‍ബലപ്പെടുത്തുന്ന വര്‍ഗീയരാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും മുതലാളിത്ത ആശയങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മറികടന്ന് ഐക്യത്തോടെ നില്‍ക്കേണ്ട സന്ദര്‍ഭമാണിത്. എങ്കില്‍ മാത്രമേ നിലവിലെ പ്രതിസന്ധികള്‍ പരിഹരിച്ച് സമാധാനവും സമൃദ്ധിയും നിറഞ്ഞ നവലോകം പടുത്തുയര്‍ത്തനാകൂ. ആ ഉദ്യമത്തിനു കരുത്തു പകരാന്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്കു സാധിക്കും. അവ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനും പ്രചരിപ്പിക്കാനും സാമൂഹത്തിന്റെ പുരോഗതിയ്ക്കായി ഉപയോഗപ്പെടുത്താനും ആത്മാര്‍ഥമായ പരിശ്രമങ്ങള്‍ ഉണ്ടാകണം. ഗുരുചിന്തകള്‍ കൂടുതല്‍ പ്രഭയോടെ ജ്വലിക്കട്ടെ. എല്ലാവര്ക്കും ചതയദിന ആശംസകള്‍.