താലിബാനെതിരെ ഉപരോധനീക്കവുമായി ജി 7 രാജ്യങ്ങള്‍. സാമ്പത്തിക ഉപരോധത്തെ പിന്തുണയ്ക്കുമെന്ന് അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്. നാളെ നടക്കുന്ന ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഇത് സജീവ ചര്‍ച്ചയാകും. അമേരിക്ക, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്, ബ്രിട്ടന് എന്നിവരാണ് ജി-7 രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നത്.
അതേസമയം അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇപ്പോള്‍ പിന്മാറിയില്ലെങ്കില് പിന്നെ എപ്പോഴാണ് പിന്മാറാനാവുകയെന്ന ചോദ്യവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. നിലവിലെ സാഹചര്യത്തില്‍ നഷ്ടങ്ങള്‍ ഇല്ലാതെ ഒഴിപ്പിക്കല്‍ നടപടികള്‍ സാധ്യമാകില്ല.
അഫ്ഗാനില്‍ ബുദ്ധിമുട്ടുന്നവരെക്കുറിച്ചോര്ത്ത് താന്‍ വേദനിക്കുകയാണെന്നും വൈറ്റ് ഹൗസിലെ പ്രസംഗത്തില്‍ ബൈഡന് പറഞ്ഞു. അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പക്കല്‍ നടപടി ക്രമങ്ങളുടെ സമയ പരിധി നീട്ടുന്നതിനെക്കുറിച്ച് സൈന്യവുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. എന്നാല്‍ സമയ പരിധി നീട്ടേണ്ടി വരില്ലെന്നാണ് പ്രതീക്ഷയെന്നും ബൈഡന് പറഞ്ഞു. ഐ.എസ്.ഐ.എസ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളില്‍ നിന്നുള്ള ഭീഷണി ഉണ്ടാകാനുള്ള സാധ്യത കൃത്യമായ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്താന് താലിബാന് പിടിച്ചെടുത്തതോടെ രാജ്യം കടുത്ത പര്തസിന്ധിയിലാണ്. ജീവനും ജീവിതത്തിനും വേണ്ടി നിരവധി അഫ്ഗാന് പൗരന്മാരും അഫ്ഗാനില്‍ കുടുങ്ങിയ വിദേശ പൗരന്മാരും പരക്കം പായുകയാണ്. അഫ്ഗാന് വിടാന്‍ പതിനായിരക്കണക്കിന് പേരാണ് വിമാനത്താവളത്തില്‍ തമ്പടിച്ചിരിക്കുന്നത്. നിരവധി രാജ്യങ്ങള്‍ അഫ്ഗാന് അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ സന്നധരായി രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം താലിബാന് അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ചതിന് പിന്നാലെ ഉച്ചയോടെയാണ് അഫ്ഗാന് സര്‍ക്കാര്‍ താലിബാന് കീഴടങ്ങിയെന്ന വാര്‍ത്ത പുറത്തു വരുന്നത്. താലിബാന് കാബൂള്‍ വളഞ്ഞപ്പോള്‍ തന്നെ അഫ്ഗാന് സര്‍ക്കാര്‍ കീഴടങ്ങുകയാണെന്ന് സൂചന വന്നിരുന്നു. താലിബാന് വഴങ്ങുന്ന സമീപനമായിരുന്നു സൈന്യത്തിന്റെ ഭാഗത്തു നിന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഇതിന് പിന്നാലെയാണ് അഷ്റഫ് ഗനി രാജ്യം വിട്ടെന്ന വാര്‍ത്ത പുറത്ത് വന്നത്.
അഫ്ഗാനിസ്താനിലെ പ്രധാന ഓഫിസുകളുടെ നിയന്ത്രണം താലിബാന് ഏറ്റെടുത്തു. ഭരണത്തിന് മൂന്നംഗ താത്കാലിക സമിതിയെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ താലിബാന് അംഗവുമുണ്ട്. മുന്‍ പ്രധാനമന്ത്രി ഗുല്‍ബുദീന്‍ ഹെക്മത്യാര്, അബ്ദുല്ല അബ്ദുല്ല എന്നിവരും സമിതിയില്‍ ഉള്‍പ്പെടുന്നു.