കെ.കെ രമക്കെതിരായ ഭീഷണി കത്ത് ദൗര്‍ഭാഗ്യകരമെന്ന് എം.വി ജയരാജന്. ആരെയെങ്കിലും ഭീഷണിപ്പെടുത്തുന്നത് സിപിഐഎം രീതി അല്ല. കത്തിന് പിന്നിലാരെന്ന് അന്വേഷിക്കണമെന്നും എം.വി ജയരാജന് പറഞ്ഞു.
ഇന്നലെയാണ് വടകര എംഎല്‍എ കെകെ രമയ്ക്ക് വധഭീഷണി കത്ത് ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേടാനാണ് ഭാവമെങ്കില്‍ ചിലത് ചെയ്യുമെന്നാണ് രമയ്ക്ക് ലഭിച്ച കത്തിലെ ഭീഷണി. പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലാണ് കെ കെ രമയ്ക്ക് ഭീഷണി കത്ത് ലഭിച്ചത്. ഡിജിപിക്ക് പരാതി കൈമാറിയിട്ടുണ്ടെന്ന് എംഎല്‍എ അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാല്‍ ഭരണം പോകുമെന്ന് നോക്കില്ലെന്നും തീരുമാനമെടുത്ത് കളയുമെന്നും കത്തിലുണ്ട്. എംഎല്‍എ ഹോസ്റ്റലിലേക്കാണ് ഭീഷണി കത്ത് എത്തിയത്.
നിയമസഭാ സമ്മേളനം അവസാനിച്ചതോടെ രമ വടകരയിലേക്ക് മടങ്ങിയപ്പോഴാണ് കത്ത് ലഭിക്കുന്നത്. നിയമസഭയില്‍ ആഭ്യന്തര വകുപ്പിനെതിരെ കെ കെ രമ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ഇതിനെതിരെ എംഎം മണി പറഞ്ഞ പരാമര്‍ശങ്ങള്‍ വിവാദമാകുകയും ചെയ്തിരുന്നു. വിധവയായത് കെ കെ രമയുടെ വിധിയാണെന്ന പരാമര്‍ശത്തില്‍ ഒടുവില്‍ എം എം മണി ഖേദം പ്രകടിപ്പിച്ചിരുന്നു. ഭീഷണി കത്ത് ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്ന് രമ അറിയിച്ചു.
പയ്യന്നൂര്‍ ആര്‍എസ്എസ് ഓഫീസ് ആക്രമണ വിഷയത്തിലും എം.വി ജയരാജന് പ്രതികരിച്ചു. അറസ്റ്റിലായവര്‍ സിപിഐഎം അംഗങ്ങള്‍ അല്ലെന്ന് എം.വി ജയരാജന് വ്യക്തമാക്കി. പാര്‍ട്ടി ഓഫീസുകള്‍ക്കും വീടുകള്‍ക്കും നേരെ അക്രമം നടത്തുന്നത് സിപിഐഎം രീതിയല്ല. അക്രമണം പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്നും പിടിയിലായവര്‍ ഡിവൈഎഫ്ഐ ഭാരവാഹികളാണോയെന്ന് പരിശോധിക്കുമെന്നും എം.വി ജയരാജന് അറിയിച്ചു.