ക്ലാസ് പഠനം മുടക്കിയുള്ള പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യം അധ്യാപകരും സ്കൂള്‍ അധികൃതരും പി.ടി.എയും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. തളിര് സ്കോളര്‍ഷിപ്പ് വിതരണവും തളിര് സ്കോളര്‍ഷിപ്പ് 2022 – 23 രജിസ്ട്രേഷന് ഉദ്ഘാടനവും തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുക ആയിരുന്നു മന്ത്രി.
കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു വരുന്ന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാസികയാണ് ‘തളിര്. സര്‍ക്കാരിന് കീഴില്‍ കുട്ടികള്‍ക്കായി പ്രസിദ്ധീകരിക്കുന്ന ഏക മാസികയാണ് തളിര്.
കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കുന്നതിനും, വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന ഒരു മാസിക കൂടിയാണ് തളിര്. അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസുവരെയുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് തളിര് സ്കോളര്‍ഷിപ്പ് പരീക്ഷ. ജൂനിയര്‍ (5, 6, 7 ക്ലാസുകള്‍), സീനിയര്‍ (8, 9, 10 ക്ലാസുകള്‍) വിഭാഗങ്ങളില്‍ പ്രത്യേകമായാണ് പരീക്ഷ നടത്തുന്നത്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമായാണ് പരീക്ഷ, സംസ്ഥാനതല മത്സര വിജയികളെ കൂടാതെ ജില്ലാതല മത്സര വിജയികള്‍ക്കും സ്കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്.
ജില്ലാതലത്തില്‍ ഓരോ വിഭാഗത്തിലും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന 30 കുട്ടികള്‍ക്ക് 1000/ രൂപ (ആയിരം രൂപ) യും അതിനുശേഷം വരുന്ന 50 കുട്ടികള്‍ക്ക് 500/ (അഞ്ഞൂറ് രൂപ) സ്കോളര്‍ഷിപ്പായി നല്‍കുന്നുണ്ട് . ഓരോ ജില്ലയിലെയും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന വിദ്യാര്‍ത്ഥിക്കായിരിക്കും സംസ്ഥാനതലത്തില്‍ പരീക്ഷയ്ക്ക് പങ്കെടുക്കാന്‍ അര്‍ഹത.
പൊതുവിജ്ഞാനം, ആനുകാലികം, ബാലസാഹിത്യം, തളിര് മാസിക, സ്കൂള്‍ സിലബസുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം എന്നിവയെ ആസ്പദമാക്കിയാണ് തളിര് സ്കോളര്‍ഷിപ്പ് പരീക്ഷ സംഘടിപ്പിക്കുന്നത്. തളിര് സ്കോളര്‍ഷിപ്പ് പരീക്ഷക്ക് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.