വിവാദ പരാമര്‍ശങ്ങളിലൂടെയും സുപ്രധാന വിധികളിലൂടെയും പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ നിന്ന ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഇന്ന് വിരമിക്കും. ഹൈക്കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ അഡ് ഹോക് ജഡ്ജിമാരെ നിയമിക്കാന്‍ അനുമതി നല്‍കിയത് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയും കൂടി ഉള്‍പ്പെട്ട ബെഞ്ചാണ്.
കൊവിഡ് കാലത്ത് സുപ്രിംകോടതിയെ നയിച്ച ചീഫ് ജസ്റ്റിസാണ് ഇന്ന് പടിയിറങ്ങുന്നത്. കോടതിക്കുള്ളിലും പുറത്തും എസ്.എ. ബോബ്ഡെ നടത്തിയ പല പരാമര്‍ശങ്ങളും വന്‍ വിവാദമായി. പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോയെന്ന് പ്രതിയോട് ചോദിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പൊതു സമൂഹത്തില്‍ വലിയ എതിര്‍പ്പിന് കാരണമായി. അങ്ങനെ ചോദിച്ചിട്ടില്ലെന്നും, പരാമര്‍ശങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്നും ബോബ്ഡെയ്ക്ക് പിന്നീട് വ്യക്തത വരുത്തേണ്ടി വന്നു. ഗോവയിലെ ഏകീകൃത സിവില്‍ കോഡ് സംവിധാനത്തെ പ്രകീര്‍ത്തിച്ചതും, രാജ്യത്തിനൊരു വനിത ചീഫ് ജസ്റ്റിസിനെ ലഭിക്കേണ്ട സമയമായെന്ന പരാമര്‍ശവും വാര്‍ത്തകളിലിടം പിടിച്ചു.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി തുടങ്ങി ഒട്ടേറെ നിയമങ്ങള്‍ക്കെതിരെ ചെറുവിരലനക്കാന്‍ ബോബ്ഡെ തയാറായില്ലെന്ന ആരോപണമുണ്ട്. പക്ഷെ, കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്തത് ശ്രദ്ധേയമാണ്. ബൈക്കിനോടുള്ള പ്രേമം കാരണം ബോബ്ഡെ പുലിവാല് പിടിച്ചതും രാജ്യം കണ്ടു. രാഷ്ട്രീയ നേതാവിന്റെ മകന്റെ ആഢംബര ബൈക്ക് ചീഫ് ജസ്റ്റിസ് ഉപയോഗിച്ചു വെന്ന് വിവിധ കോണുകളില്‍ നിന്ന് ആരോപണമുയര്‍ന്നു.
അയോധ്യാ കേസിലെ ഭരണഘടനാ ബെഞ്ചില്‍ അംഗമായിരുന്നു. ശബരിമല പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന ഒന്‍പതംഗ വിശാല ബെഞ്ചിനെ നയിച്ചതും ബോബ്ഡെ തന്നെ. പക്ഷേ, ശബരിമല അടക്കം വിശ്വാസ വിഷയങ്ങളില്‍ തീര്‍പ്പുണ്ടാക്കാതെയാണ് ബോബ്ഡെ പടിയിറങ്ങുന്നത്. ഇന്ന് വൈകിട്ട് അഞ്ചിന് വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനയാണ് എസ്.എ. ബോബ്ഡെയ്ക്ക് സുപ്രിംകോടതി ബാര്‍ അസോസിയേഷന് യാത്രയയപ്പ് നല്‍കുന്നത്.