കോട്ടയം ഈരാറ്റുപേട്ടയില്‍ ഗാനമേളയ്ക്കിടെ ഉണ്ടായ വിവാദത്തില്‍ പ്രതികരണവുമായി ഗായിക സജ്ല സലീം. വിഷയത്തില്‍ മതം കലര്‍ത്തരുത്, ഒപ്പം പാടിയവര്‍ക്കെതിരെ ഭീഷണി ഉയര്‍ത്തിയ ആള്‍ക്കെതിരെയാണ് താന്‍ പ്രതികരിച്ചത്. സംഘാടകരില്‍ നിന്നും മോശം അനുഭവം ഉണ്ടായി. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും സജ്ല സലീം പറഞ്ഞു.
‘എല്ലാ ഗാനമേളകളിലും ഉണ്ടാകാറുള്ള രീതിയാണ് അവിടെയും സംഭവിച്ചത്. ഈരാറ്റുപേട്ടയിലെ ആളുകളെ കുറ്റപ്പെടുത്തിയിട്ടില്ല. ഒരാള്‍ പാടിയില്ലെങ്കില്‍ വന്ന് അടിക്കും എന്ന് പറഞ്ഞപ്പോള്‍ പ്രതികരിച്ചു. മാപ്പിളപ്പാട്ട്, മതം, താലിബാനിസം തുടങ്ങിയ രീതിയില്‍ വിവാദങ്ങള്‍ വരുന്നു. അതിനോടൊക്കെ പ്രതിഷേധിക്കുകയാണ്. ലൈഫില്‍ ഇത്രയും മോശം രീതിയിലുള്ള സംഘാടക സമിതിയെ കണ്ടിട്ടില്ല.
ഒരുപാട് സൈബര്‍ അറ്റാക്കും ഭീഷണിയും നേരിടുന്നു. ഭീഷണി മുഴക്കിയ ആള്‍ക്കെതിരെയാണ് പ്രതികരിച്ചത്. ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന വാദം തെറ്റാണ്. സഹ ഗായകര്‍ക്കെതിരെയാണ് ഭീഷണി ഉണ്ടായത്. താന്‍ ഇടപെട്ട് പ്രതികരിക്കുകയായിരുന്നുവെന്നും’- സജ്ല പറഞ്ഞു.
ജനുവരി അഞ്ച് മുതല്‍ 15 വരെ ഈരാറ്റുപേട്ടയില്‍ നടന്ന നഗരോത്സവം- വ്യാപാരോത്സവത്തില്‍ 14നാണ് സജ്ല സലീം, സഹോദരി സജ്ലി സലീം എന്നിവരുടെ ഗാനമേള നടന്നത്. ഇതില്‍ ഇവരുടെ പാട്ടുകള്‍ ആളുകള്‍ക്ക് ഇഷ്ടപ്പെടാതെ വന്നപ്പോള്‍ നിരന്തരം കൈയടി ചോദിച്ച ഗായകനോട് നല്ല പാട്ടുകള്‍ പാടിയാല്‍ കയ്യടി തരാം എന്ന് ഒരു ആസ്വാദകന് പറഞ്ഞെന്നും ആ വാക്കിനെ തെറ്റിദ്ധരിച്ചാണ് സജ്ല വേദിയില്‍ പ്രകോപിതയായതെന്നുമാണ് സംഘാടക സമിതിയുടെ വിശദീകരണം.