ശശി തരൂര്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. മാധ്യമങ്ങള്‍ കൃത്യമായ അജണ്ട തീരുമാനിച്ചാണ് വാര്‍ത്തകള്‍ തയാറാക്കുന്നതെന്നും മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച ബലൂണുകളാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. പാര്‍ട്ടിയില്‍ ഒരു തരത്തിലുള്ള സമാന്തര പ്രവര്‍ത്തനങ്ങളോ വിഭാഗീയ നീക്കങ്ങളോ അനുവദിക്കില്ല. എല്ലാവരുമായും ആലോചിച്ചാണ് കെപിസിസി അധ്യക്ഷന്‍ തീരുമാനങ്ങളെടുക്കുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
വിലക്ക് വിവാദത്തില്‍ ശശി തരൂരിനെ ലക്ഷ്യമിട്ടായിരുന്നു വി ഡി സതീശന്റെ വിമര്‍ശനങ്ങള്‍. ഏത് ഉന്നതനായാലും കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ഒരു തരത്തിലുള്ള വിഭാഗീയ പ്രവര്‍ത്തനവും അനുവദിക്കില്ലെന്ന് വി ഡി സതീശന് ആഞ്ഞടിച്ചു. കേരളത്തിലെ കോണ്‍ഗ്രസില്‍ മറ്റൊരു സംവിധാനം വരുന്നുണ്ടെന്നാണ് പല മാധ്യമങ്ങളുടേയും തലക്കെട്ടുകള്‍. മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച ഒരു ബലൂണ്‍ മാത്രമാണ്. ഒരു സൂചിമുന കൊണ്ട് കുത്തിയാല്‍ വാര്‍ത്തകള്‍ പൊട്ടിപ്പോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ ആരുടെയെങ്കിലും ഭാഗത്തു നിന്നുമുണ്ടായാല്‍ അതിനെ ഗൗരവത്തോടെ സമീപിക്കുമെന്ന് വി ഡി സതീശന് വ്യക്തമാക്കി.