പി വി അൻവറിനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. മുഖ്യമന്ത്രി കാര്യങ്ങൾ പറഞ്ഞിട്ടും വീണ്ടും അൻവർ പ്രതികരിച്ചത് ദോഷകരം. ഇത്തരം പരസ്യ പ്രകടനങ്ങൾ അൻവറിനെ ഗുണത്തേക്കാളേറെ ദോഷം ചെയ്യും.പി വി അൻവർ ഉയർത്തിയ പ്രശ്നങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഇന്നലെ മറുപടി നൽകി.സര്ക്കാര് ഇക്കാര്യത്തിൽ എടുത്ത നടപടികൾ മുഖ്യൻ വ്യക്തമാക്കിയതോടെ ആ വിഷയങ്ങൾക്ക് വ്യക്തത വന്നിട്ടുണ്ട്. പക്ഷെ കാര്യങ്ങൾ വ്യക്തമാക്കിയതിന് ശേഷവും അൻവർ പ്രതികരിക്കുന്നത് ശരിയല്ല. സാധാരണക്കാരുടെ താല്പര്യം സംരക്ഷിക്കുന്ന സർക്കാരാണ് നമ്മുടേത്.
സർക്കാർ ജനങ്ങൾക്ക് വേണ്ടിയുള്ള കാര്യങ്ങളുമായി മുന്നോട്ടു പോവുകയാണ്. അതിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത് പ്രതിപക്ഷവും ഇടതുവിരുദ്ധ നിലപാടും ഉള്ളവരാണ്. അതിന് സഹായകരമായ നിലപാട് ഉണ്ടാകാൻ പാടില്ല. അൻവറിന്റേത് അത്തരം സമീപനമാണ്. സമീപകാലങ്ങളിൽ അൻവർ നടത്തിയ പ്രതികരണങ്ങൾ ശത്രുക്കൾക്ക് ആഹ്ലാദിക്കാവുന്നവയാണ്. അത് ശരിയല്ല. വിജയരാഘവൻ പറഞ്ഞു.
വിവിധ മേഖലയിലുള്ള ആളുകളെ ഇടതുപക്ഷത്തോടെ അടുപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സർക്കാരിനെ കുറിച്ച് തെറ്റായ ധാരണകൾ സമൂഹത്തിൽ ഉണ്ടാകുമ്പോൾ ആളുകൾ ഇടതുപക്ഷത്തു നിന്ന് അകന്നുപോകും. അൻവർ ഇത്തരത്തിലുള്ള പ്രസ്താവനകൾ നിരന്തരം നടത്തുമ്പോള് പാർട്ടിയെ ദുർബലപ്പെടുത്തുകയാണ്.അത് ഗുണത്തേക്കാൾ ഏറെ ദോഷം ഉണ്ടാക്കും. അത്തരം പ്രവർത്തനങ്ങൾ ആരും നടത്തിയാലും ശരിയല്ല. മനുഷ്യത്വത്തിന് വേണ്ടി നിന്ന സർക്കാരിനെതിരെ മാധ്യമങ്ങളുടെ നിലപാട് ഹൃദയ ശൂന്യമാണ്. അമ്മയുടെ മുലപ്പാലിന് ഉപ്പു നോക്കുന്ന രീതിയായിരുന്നു മാധ്യമങ്ങളുടേതെന്നും എ വിജയരാഘവൻ പറഞ്ഞു.