മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം. രാജി സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കാറെ. ഫേസ്്ബുക്ക് ലൈവിലൂടെയാണ് ഉദ്ധവ് നിലപാട് വ്യക്തമാക്കുന്നത്. ഹിന്ദുത്വമൂല്യത്തില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല. ഹിന്ദുത്വവും ശിവസേനയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ബാലാ സാഹേബിന്റെ ശിവസേനയില്‍ നിന്ന് ഒരുമാറ്റവുമില്ല. ഹിന്ദുത്വത്തിനായി ഇനിയും പോരാടും. എല്ലാ എംഎല്‍എമാരും ബാലാ സാഹേബിനൊപ്പമാണെന്നും ഉദ്ധവ് പറഞ്ഞു
ഭരണ പരിചയമില്ലാതെയാണ് മുഖ്യമന്ത്രിയായത്. കൊവിഡ് അടക്കം പല പ്രതിസന്ധികളെയും നേരിട്ടു. രാജ്യത്തെ മികച്ച അഞ്ച് മുഖ്യമന്ത്രിമാരില്‍ ഒരാളായി. ‘പാര്‍ട്ടിയുടെ ചില എംഎല്‍എമാരെ കാണാതായി. പരസ്പരം ഭയമുള്ള ഒരു ശിവസേനയെ എനിക്ക് വേണ്ട. ബാലാ സാഹേബ് ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റും. മുഖ്യമന്ത്രിയായത് സ്വാര്‍ത്ഥതകൊണ്ടല്ല. മുഖ്യമന്ത്രിയാകാന്‍ നിര്‍ദേശിച്ചത് ശരദ് പവാറാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
അതേസമയം, ശിവസേന പിളര്‍പ്പിലേക്കു നീങ്ങുന്നവെന്ന സൂചനകള്‍ മഹാരാഷ്ട്രയില്‍ നിന്ന് ലഭ്യമാകുമ്പോള്‍ അടര്‍ത്തിയെടുത്ത എംഎല്‍എമാരുമായി ശിവസേനയുടെ നേതൃത്വം അവകാശപ്പെട്ട് ഏക്നാഥ് ഷിന്ദെ രംഗത്തെത്തി. തന്റെ കൂടെയുള്ള 34 എംല്‍എമാരുടെ പട്ടികയും ഷിന്ദെ പുറത്തു വിട്ടു. ഷിന്ദയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഈ എംഎല്‍എമാര്‍ ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും കത്ത് നല്കി.
ഷിന്ദെക്ക് ഒപ്പമുള്ള എംഎല്‍എമാര്‍ വൈകിട്ട് അഞ്ചു മണിക്കുള്ളില്‍ തിരിച്ചെത്തിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നുള്ള മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അന്ത്യശാസനം തള്ളിക്കൊണ്ടായിരുന്നു ഷിന്ദെയുടെ നീക്കം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍നിന്ന് എട്ട് മന്ത്രിമാര്‍ വിട്ടുനിന്നതായും റിപ്പോര്‍ട്ടുണ്ട്.