രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞു. ഝാര്‍ഖണ്ഡ് മുന്‍ ഗവര്‍ണര്‍ ദ്രൗപദി മുര്‍മുവും യശ്വന്ത് സിന്‍ഹയും തമ്മിലാവും മത്സരം. പ്രതിപക്ഷം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ദ്രൗപദി മുര്‍മുവിലൂടെ, ഇന്ത്യയില്‍ ആദ്യമായി പട്ടിക വിഭാഗത്തില്‍പ്പെട്ട ഒരാളുടെ പേര് രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ന്നു വരുമ്പോള്‍, അവരെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി തെരഞ്ഞെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ യാതൊരു ഉദ്ദേശവുമില്ല എന്ന് പ്രതിപക്ഷം വ്യക്തമാക്കി. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രതീക്ഷിച്ചിരുന്ന ആള് തന്നെയാണെന്നും, സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ ആവശ്യമുയരുമെന്ന് നേരത്തെയറിമായിരുന്നുവെന്നും പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി. മുര്‍മു നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന തീയ്യതി ഇന്നറിയാം.
ദ്രൗപദി മുര്‍മ്മുവിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പാര്‍ട്ടികളുടെ പിന്തുണയാണ് ബിജെപി ഉന്നമിടുന്നത്. പശ്ചിമ ബംഗാളടക്കം കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനം നിലനിര്‍ത്താന്‍ തീരുമാനം ബിജെപിയെ സഹായിച്ചേക്കും. കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ദ്രൗപദി മുര്‍മ്മുവിന്റെ പേര് പരിഗണനയിലുണ്ടായിരുന്നെങ്കിലും യുപിയില്‍ നിന്നൊരാളെ പരിഗണിക്കണമെന്ന തീരുമാനത്തില്‍ രാം നാഥ് കൊവിന്ദിന് നറുക്ക് വീഴുകയായിരുന്നു.
ഇത്തവണ ഒഡീഷയിലെ ബിജു ജനതാദളിന്റെ പിന്തുണ കൂടി ഉറപ്പാക്കേണ്ടത് അനിവാര്യമായതോടെ ദ്രൗപദി മുര്‍മ്മുവിനെ ബിജെപി നിശ്ചയിക്കുകയായിരുന്നു. പിന്നാക്ക വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള ശ്രമങങളാണ് മേദി അധികാരത്തില്‍ വന്നത് മുതല്‍ കാണുന്നത്. ദ്രൗപദി മുര്‍മ്മുവിനെ നിശ്ചയിച്ചതിലൂടെ പട്ടിക ജാതി പട്ടി കവര്‍ഗ വിഭാഗങ്ങള്‍ക്കിടയിലെ ഉയരുന്ന സ്വാധീനം തുടരാന്‍ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. പശ്ചിമ ബംഗാളും ഒഡീഷയും ഝര്‍ഖണ്ഡും, ഛത്തീ്സ് ഘട്ടും ഉള്‍പ്പെടുന്ന കിഴേക്കേ ഇന്ത്യയുടെ ഗോത്ര വര്‍ഗ മേഖലകളില്‍ ആര്‍എസ്എസിന്റെ സ്വാധീനം ഏറെയുണ്ട്. ഈ മേഖലകളെ ഒപ്പം നിര്‍ത്താനുള്ള തന്ത്രം കൂടിയാണ് ബിജെപിയുടെ തീരുമാനത്തിലൂടെ വെളിപ്പെടുത്തുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഒപ്പം നിര്‍ത്തിയ വനിത വോട്ട് ബാങ്കും ബിജെപി ഈ തീരുമാനത്തിലൂടെ ലകഷ്യം വയ്ക്കുന്നു.പ്രതിപക്ഷ നീക്കത്തിന് നേതൃത്വം നല്കിയ മമത ബാനര്‍ജിയെ പോലെയുള്ളവരെ നീക്കം സമ്മര്‍ദ്ദത്തിലാക്കും. എന്തായാലും മധ്യവര്‍ഗ മുന്നാക്ക പാര്‍ട്ടിയെന്ന പ്രതിച്ഛായ മാറ്റാനുള്ള നരേന്ദ്രമോദിയുടെ നയത്തിന് കൂടിയാണ് ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗീകാരം നല്‍കിയത്.
രാഷ്ട്രപതി സ്ഥാനത്തേക്ക് വെങ്കയ്യ നായിഡുവിനെ പരിഗണിക്കാന്‍ മോദി അമിത് ഷാ കൂട്ടുകെട്ടിന് താല്പര്യമില്ലായിരുന്നുവെന്ന സൂചനയും ഈ തീരുമാനം നല്കുന്നു.