പാലാ: കൗണ്‍സിലറുടെ എയര്‍പോഡ് മോഷ്ടിച്ച കേസില്‍ പാലാ നഗരസഭയിലെ സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനു പുളിക്കക്കണ്ടത്തിനെ പ്രതിയാക്കി പോലീസ് കേസെടുത്തു. കേരള കോണ്‍ഗ്രസ് എം നേതാവും കൈണ്സിലറുമായ ജോസ് ചീരാംകുഴിയുടെ പരാതിയില്‍ ആണ് കേസെടുത്തത്. അന്വേഷണത്തിനിടെ നഷ്ടപ്പെട്ടതെന്നു കരുതുന്ന എയര്‍പോഡ് കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ നഴ്സായി ജോലി ചെയ്യുന്ന പാലാ സ്വദേശിനി പോലീസിന് കൈമാറിയിരുന്നു. ഇത് മോഷണംപോയ എയര്‍പോഡ് ആണോയെന്ന് ഉറപ്പുവരുത്തുന്നതിനായി പോലീസ് ശാസ്ത്രീയപരിശോധന നടത്തിയിരുന്നു. എയര്‍പോഡ് ഉടയുടെയും എയര്‍പോഡ് പോലീസിന് കൈമാറിയ സ്ത്രീയുടെയും വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനു പുളിക്കക്കണ്ടത്തിനെ പ്രതിയാക്കി കേസെടുത്തത്.
ജനുവരിയില്‍ തന്റെ എയര്‍പോഡ് ബിനു മോഷ്ടിച്ചതാണെന്ന് ജോസ്, പാലാ നഗരസഭാ യോഗത്തില്‍ പരസ്യമായി ആരോപണം ഉന്നയിച്ചത് വലിയ രാഷ്ട്രീയ വിവാദമായി മാറിയിരുന്നു. മാഞ്ചസ്റ്ററിലുള്ള നഴ്സായ വനിതാ സുഹൃത്തിന് ബിനു പുളിക്കക്കണ്ടം, മോഷ്ടിച്ച എയര്‍പോഡ് സമ്മാനമായി നല്‍കുകയായിരുന്നുവെന്ന് ജോസ് ചീരാംകുഴി ആരോപിച്ചു. സംഭവം വിവാദമായപ്പോള്‍ ഈ സ്ത്രീ, തന്നെ വിളിച്ച് തനിക്ക് സമ്മാനമായി ബിനു പുളിക്കക്കണ്ടം നല്‍കിയതാണെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസുമായി മുന്നോട്ടുപോയത്. വനിതാ സുഹൃത്തിനെ വഞ്ചിക്കുകയായിരുന്നു പ്രതി. തൊണ്ടിമുതലായ എയര്‍പോഡ് വനിതാ സുഹൃത്തിന്റെ കൈവശം കൊടുത്തുവിട്ട് കേസില്‍ വഴിത്തിരിവ് ഉണ്ടാക്കാനാണ് ശ്രമിച്ചത്. മാഞ്ചസ്റ്ററില്‍നിന്ന് പോലീസിന് എയര്‍പോഡ് കൈമാറുന്നതിന് മാത്രമാണ് സ്ത്രീ പാലായിലെത്തിയതെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും ഏതുനിമിഷവും അറസ്റ്റുചെയ്യുമെന്നാണ് പ്രതീഷിക്കുന്നതെന്നും ജോസ് ചീരാംകുഴി പറഞ്ഞു.