തൃക്കാക്കരയില്‍ ഒരു മുന്നണിക്കും പിന്തുണ നല്‍കില്ലെന്ന് സാബു എം ജേക്കബ്. ട്വന്റി-20യുടേയും ആം ആദ്മി പാര്‍ട്ടിയുടേയും സഖ്യമായ ജനക്ഷേം തൃക്കാക്കരയില്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന കേരളം ചര്‍ച്ച ചെയ്ത ചോദ്യത്തിനാണ് ഇതോടെ ഉത്തരമായിരിക്കുന്നത്.
ഏത് മുന്നണി വിജയിച്ചാലും കേരളത്തിന്റെ ഇപ്പോഴത്തെ സാമൂഹിക സാമ്പത്തിക വികസന സാഹചര്യങ്ങളില്‍ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. ഇത് കാരണമാണ് തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിപ്പിക്കേണ്ടെന്ന നിലപാട് ജനക്ഷേമ സഖ്യം എടുത്തതെന്ന് സാബു എം ജേക്കബ് പറഞ്ഞു.
ട്വന്റി 20-ആംആദ്മി അനുഭാവികള്‍ വിവേക പൂര്‍വ്വം വോട്ട് വിനിയോഗിക്കണമെന്നും സാബു ആവശ്യപ്പെട്ടു. അണികള്‍ക്ക് ഭരണ സംവിധാനത്തോട് എതിര്‍പ്പുള്ളതായി പറഞ്ഞിട്ടില്ല. നേതാക്കളെ അനുസരിച്ച് വോട്ട് ചെയ്യുന്ന സാഹചര്യം മാറണം. രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തി വോട്ട് ചെയ്യണമെന്നും പ്രലോഭനങ്ങളിലും സ്വാധീനങ്ങളിലും വീഴരുതെന്ന് സാബു ജേക്കബ് പറഞ്ഞു. കാലാവസ്ഥ പ്രതികൂലമായാലും വോട്ട് രേഖപ്പെടുത്തണമെന്നും സാബു ആവശ്യപ്പെട്ടു. എല്ലാ മുന്നണികളും തങ്ങളോട് വോട്ട് അഭ്യര്‍ത്ഥന നടത്തിയിരുന്നെന്നും സാബു പറഞ്ഞു.
ട്വന്റി 20-ആംആദ്മി സഖ്യം തൃക്കാക്കരയില്‍ സ്ഥാനാര്‍ഥി ഇല്ലാതെ വിജയിച്ചിരിക്കുകയാണെന്നും ജയ പരാജയങ്ങളെ നിശ്ചയിക്കുന്ന ഘടകമായി സഖ്യം മാറിയെന്നും സാബു പറഞ്ഞു. ജനങ്ങള്‍ക്കും രാജ്യത്തിനും വേണ്ടിയാണ് സഖ്യം നിലകൊള്ളൂന്നതെന്നും സാബു കൂട്ടിച്ചേര്‍ത്തു.