എക്സൈസ് നികുതി കുറച്ച് ഇന്ധന വിലയില്‍ കുറവ് വരുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രണ്ടു വര്‍ഷത്തെ ഇന്ധന വില സഹിതം ട്വിറ്ററിലുള്ള പ്രതികരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കുന്നത് അവസാനിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ആദ്യം ചെറു സഖ്യകളായി ഇന്ധന വില കൂട്ടിക്കൊണ്ടിരിക്കുകയും പിന്നീട് തുടങ്ങിയതിനേക്കാള്‍ കൂടുതല്‍ തുകയില്‍ വില നിര്‍ത്തുകയും പിന്നീട് വീണ്ടും വില കൂട്ടുന്നതും രാഹുല്‍ ചൂണ്ടിക്കാട്ടി. 2020 മാര്‍ച്ച് ഒന്നിന് 69.5 രൂപയുണ്ടായിരുന്ന പെട്രോള്‍ വില 2022 മാര്‍ച്ച് ഒന്നിന് 95.4 രൂപയിലെത്തിയതും മേയ് ഒന്നിന് 105.4 രൂപയിലും 22ന് 96.7 രൂപയിലും എത്തിയതും രാഹുല്‍ വ്യക്തമാക്കി.
ഇനി ദിവസേനയുള്ള എട്ടു പൈസ, മൂന്നു പൈസ ഡോസുകളായി പെട്രോള്‍ വിലയുടെ ‘വികാസം’ പ്രതീക്ഷിക്കാമെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു. വിലക്കയറ്റം നേരിടുന്ന ജനങ്ങള്‍ക്ക് ശരിയായ സഹായം ലഭ്യമാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.
അപ്രതീക്ഷിത നടപടിയിലൂടെ കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറക്കുകയായിരുന്നു. പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയുമാണ് കുറച്ചത്. പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടിയില്‍ എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറവ് വരുത്തിയതോടെയാണ് ഇന്ധനവില കുറഞ്ഞത്. ധനമന്ത്രി നിര്‍മല സീതാരാമനാണ് നികുതി കുറക്കുന്നതായി പ്രഖ്യാപിച്ചത്. പുതിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നിരിക്കുകയാണ്.
രാജ്യത്ത് പണപ്പെരുപ്പം വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ എക്സൈസ് തീരുവയില്‍ കുറവ് വരുത്തിയത്. ഇന്ധനവില കുതിച്ചുയര്‍ന്നതോടെ രാജ്യത്ത് വിലക്കയറ്റം രൂക്ഷമായിരുന്നു. അവശ്യ സാധനങ്ങളുടെ വില വര്‍ധന കൂടിയായതോടെ സര്‍ക്കാറിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി കുറച്ചത്.