കൊച്ചി: കിറ്റെക്സ് ഗ്രൂപ്പ് വാങ്ങിയ ഇലക്ടറല്‍ ബോണ്ടുകള്‍ കൈമാറിയത് തെലങ്കാനയിലെ ബിആര്‍എസ് പാര്‍ട്ടിക്ക്. 25 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ സംഭാവന ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനങ്ങളായ കിറ്റെക്സ് ചില്‍ഡ്രന്‍സ് വെയര്‍ ലിമിറ്റഡും കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡും 2023 ജൂലായ് 5-ന് വാങ്ങിയ ഒരു കോടി വീതം മൂല്യമുള്ള പതിനഞ്ച് ബോണ്ടുകള്‍ ജൂലൈ 17-ന് ബിആര്‍എസിന് സംഭാവന ചെയ്തു. ഒക്ടോബര്‍ 12-ന് ഇരു കമ്പനികളും 10 കോടി രൂപയുടെ ബോണ്ടുകള്‍ വാങ്ങി, അവ ഒക്ടോബര്‍ 16 ന് ബിആര്‍എസിന് നല്കി. എന്നാല്‍ തുടര്‍ന്നുവന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിആര്‍എസ് പരാജയപ്പെടുകയും കോണ്‍ഗ്രസ് അധികാരത്തിലേറുകയുമായിരുന്നു.
2021 ജൂലൈയില്‍ തെലങ്കാനയിലെ വാറങ്കലില്‍ 1,000 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തോടെ ഗാര്‍മെന്റ് ഫാക്ടറി സ്ഥാപിക്കാനുള്ള തീരുമാനം കിറ്റെക്സ് ഗ്രൂപ്പ് പ്രഖ്യാപിക്കുകയായിരുന്നു. ഈ പദ്ധതിക്ക് നിലമൊരുങ്ങുന്ന ഘട്ടത്തിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയുമായാണ് ബോണ്ടുകള്‍ വാങ്ങിയതെന്നാണ് ഡാറ്റ സൂചിപ്പിക്കുന്നത്.