ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഫീല്‍ഡ് സര്‍വേ സര്‍ക്കാരിന് നേരത്തെ നടത്താമായിരുന്നുവെന്നും ഫീല്‍ഡ് സര്‍വെക്ക് നേരത്തെ ഉണ്ടായിരുന്ന സമയം സര്‍ക്കാര്‍ പ്രയോജനപ്പെടുത്തിയില്ലെന്നും സതീശന് കുറ്റപ്പെടുത്തി.
‘ബഫര്‍സോണായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ സര്‍വേ നടത്തി കൃത്യമായ വിവരങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ നല്‍കണമെന്നാണ് സുപ്രീംകോടതി വിധിയില്‍ പറയുന്നത്. 2020-21ല്‍ നടത്തിയ സര്‍വേ ആണ് സര്‍ക്കാര്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്നത്. പുതിയ സര്‍വേ നടത്തി റിപ്പോര്‍ട്ട് നല്കാന് സുപ്രീംകോടതി നിര്‍ദേശമുള്ളപ്പോള്‍, പഴയ സര്‍വേയുമായി ചെന്നാല്‍ സുപ്രീംകോടതിയുടെ പ്രതികരണം എന്തായിരിക്കും എന്ന് സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ടോ? മാപ്പില്‍ പരാതിയുള്ളവര്‍ പരാതി നല്‍കണമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. ഒരു സാധാരണക്കാരന് എങ്ങനെയാണ് മാപ്പില്‍ തന്റെ വീടോ സ്ഥലമോ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് മനസിലാക്കി പരാതി നല്‍കുക?’, പ്രതിപക്ഷ നേതാവ് ചോദിച്ചു.
നേരിട്ടുള്ള സര്‍വേ നടത്താന്‍ ലഭിച്ച സമയം സര്‍ക്കാര്‍ പ്രയോജനപ്പെടുത്തിയില്ല. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് അപൂര്‍ണവും അവ്യക്തമാണെന്നും സര്‍ക്കാരിന് ബോധ്യമായി. എന്നിട്ടും മൂന്നുമാസക്കാലം ആ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു. ഇപ്പോള്‍ അത് പ്രസിദ്ധീകരിക്കുകയും വിവാദമാകുകയും ചെയ്തപ്പോഴാണ് നേരിട്ട് സര്‍വേ നടത്തുമെന്ന് പറയുന്നത്. ബഫര്‍ സോണായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള കേരളത്തിലെ എല്ലാ വില്ലേജുകളിലും എല്ലാ പഞ്ചായത്ത് വാര്‍ഡുകളിലും എത്ര കെട്ടിടങ്ങളുണ്ട് എന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ല. സുപ്രീംകോടതിയോട് കുറച്ച് സമയം കൂടി ചോദിക്കണം. പത്തോ പതിനഞ്ചോ ദിവസം കൊണ്ട് നേരിട്ടുള്ള സര്‍വേ നടത്താന്‍ സാധിക്കുമെന്നും വി ഡി സതീശന് കൂട്ടിച്ചേര്‍ത്തു.
പുതിയ സര്‍വേയില്‍ ബഫര്‍ സോണില്‍ പെടുന്ന കെട്ടിടങ്ങളുടെ കൃത്യമായ കണക്കെടുക്കണം. വീടുകള്‍ ദേവാലയങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍, സ്കൂളുകള്‍ അടക്കമുള്ള കെട്ടിടങ്ങളുടെ കണക്കെടുക്കണം. ഇതനുസരിച്ച്90% എങ്കിലും ശരിയായ പുതിയ റിപ്പോര്‍ട്ട് ആകണം സുപ്രീം കോടതിയില്‍ കൊടുക്കേണ്ടത്. ജനസാന്ദ്രത വളരെ കൂടിയ പ്രദേശത്തെയാണ് ഇപ്പോള്‍ ബഫര്‍ സോണായി പ്രഖ്യാപിച്ചതെന്ന് സുപ്രീംകോടതിക്ക് ഈ സര്‍വേ റിപ്പോട്ടിലൂടെ ബോധ്യപ്പെടണം. അത് ബോധ്യപ്പെടുത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. സാധാരണക്കാരായ മനുഷ്യരെ ബാധിക്കുന്ന വിഷയമാണ്.
അത് കോടതിയെ ബോധ്യപ്പെടുത്തുന്നതിനാണ് സര്‍വേ. അതില്‍ സര്‍ക്കാര്‍ പിടിപ്പുകേടുണ്ടായി. പഴയ സര്‍വേ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ നല്‍കാതെ സമയം നീട്ടി ആവശ്യപ്പെട്ട് പുതിയ സര്‍വേ റിപ്പോര്‍ട്ട് നല്കാന് തയ്യാറാകണം. ജനുവരി മാസം തന്നെ കൃത്യമായി മാനുവല്‍ സര്‍വേ നടത്തണം. പഞ്ചായത്ത് അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പിന്റെ കൂടി സഹകരണത്തോടെയാകണം സര്‍വേ നടത്തേണ്ടതെന്നും’ സതീശന് നിര്‍ദ്ദേശിച്ചു.