കെ റെയില്‍ പദ്ധതിയെ പിന്തുണച്ച് നിലപാടെടുത്ത ശശി തരൂര്‍ എംപിയെ വിമര്‍ശിച്ച് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. കേരളത്തില്‍ നിന്നുള്ള 19 എംപിമാരില്‍ ഒരാള്‍ മാത്രമാണ് ശശി തരൂരെന്നും അദ്ദേഹത്തിന് പ്രത്യേകമായി കൊമ്പൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള പൗരനാണെങ്കിലും കാര്യങ്ങള്‍ തിരിച്ചറിയാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. അടുത്ത തവണ തരൂര്‍ മത്സരിക്കാന്‍ ഇറങ്ങിയാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കും.
തരൂരിനെ കൊലക്കേസില്‍ പ്രതിയാക്കാന്‍ സിപിഎമ്മുകാര്‍ കിണഞ്ഞ് പരിശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ്സാണ് അദ്ദേഹത്തിനൊപ്പം നിന്നത്. മത്സരിക്കാന്‍ സീറ്റ് കൊടുത്തത് പിണറായി വിജയനല്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തെ മാത്രം ബാധിക്കുന്ന ഒരു വിഷയമാണ് ഇതെങ്കില്‍ തരൂരിന് സ്വന്തം നിലപാടെടുക്കാം. എന്നാല്‍ കെ റെയില്‍ പദ്ധതി അങ്ങനെയല്ലെന്നും ഉണ്ണിത്താന് വ്യക്തമാക്കി.