ബ്രിട്ടനില്‍ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഇന്ത്യ വിലക്കി. നാളെ അര്‍ധരാത്രി മുതല്‍ ഡിസംബര്‍ 31വരെയാണ് സര്‍വീസുകള്‍ റദ്ദ് ചെയ്തിരിക്കുന്നത്.
മുന്‍കരുതലുകളുടെ ഭാഗമായി ചൊവ്വാഴ്ച അര്‍ദ്ധ രാത്രിക്ക് മുമ്പായി യു.കെയില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളങ്ങളിലെത്തുമ്പോള്‍ നിര്‍ബന്ധിത ആര്‍ടി-പി.സി.ആര് പരിശോധനയ്ക്ക് വിധേയരാകണമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. ബ്രിട്ടന് വഴി വരുന്ന വിമാന യാത്രികര്‍ക്കും പരിശോധന നിര്‍ബന്ധമാണ്.
ജനിതക വ്യതിയാനം വന്ന പുതിയ തരം കൊറോണ വൈറസിനെയാണ് ബ്രിട്ടനില്‍ കണ്ടെത്തിയത്. ബ്രിട്ടന് പുറമെ, യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലി, ഡെന്മാര്ക്ക്, നെതര്‍ലാന്‍ഡ്സ് എന്നിവടങ്ങളിലും ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയയിലും പുതിയ വൈറസ് രോഗബാധ കണ്ടെത്തിയിട്ടുണ്ട്.
ഇതേത്തുടര്‍ന്ന് ലണ്ടനില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിവേഗ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി സൗദി അറേബ്യ അന്താരാഷ്ട്ര അതിര്‍ത്തികളെല്ലാം അടച്ചു. കര, വ്യോമ സമുദ്ര അതിര്‍ത്തികളാണ് ഒരാഴ്ചത്തേക്ക് അടച്ചത്. ഡിസംബര്‍ എട്ടിനു ശേഷം ബ്രിട്ടനില്‍ നിന്നും എത്തിയവര്‍ രണ്ടാഴ്ച കര്‍ശന ക്വാറന്റീനില്‍ പോകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.