കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. രാജ്യത്ത് കോണ്‍ഗ്രസ് ബിജെപിക്കെതിരായ ക്രിയാത്മക പ്രതിപക്ഷമല്ലെന്ന് കപില്‍ സിബല്‍ ആരോപിച്ചു. സോണിയ ഗാന്ധിക്ക് പാര്‍ട്ടിയെ വേണ്ട വിധം ചലിപ്പിക്കാനാകുമോയെന്ന് സംശയമാണ്. നേതൃമാറ്റത്തില്‍ ഇനി പ്രതികരിക്കേണ്ടത് നേതൃത്വമാണ്. കോടിക്കണക്കിന് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമാണ് താന്‍ ആവര്‍ത്തിച്ച് പങ്കുവയ്ക്കുന്നതെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.
നേരത്തെയും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കപില്‍ സിബല്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ കപില്‍ സിബല്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. കനത്ത തിരിച്ചടി നേരിട്ടിട്ടും ആത്മപരിശോധന നടത്താന്‍ നേതൃത്വം തയ്യാറാകുന്നില്ല.പരാജയ കാരണം അന്വേഷിക്കുന്നതേയില്ല. ശക്തി കേന്ദ്രങ്ങളായ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോലും പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടു. കോണ്‍ഗ്രസിനെ ഒരു ബദലായി ജനം കാണുന്നതേയില്ലെന്നുമായിരുന്നു കപില്‍ സിബലിന്റെ പ്രതികരണം.